തിരുവനന്തപുരം: കണക്കറ്റ് പെയ്‌ത അതിതീവ്ര മഴ സൃഷ്‌ടിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ദുരിതം പേറി കേരളത്തിന്‍റെ ദുഖമാകുന്ന വയനാട് മഴക്കണക്കില്‍ പിന്നില്‍. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല പ്രദേശങ്ങളെ അപ്പാടെ നക്കിയെടുത്ത ഈ ദുരന്തത്തെ ഇവിടേക്കെത്തിച്ചത് നിലയ്ക്കാതെ പെയ്‌ത അതിശക്ത മഴയായിരുന്നു. എന്നാല്‍ ജൂണ്‍ 1 മുതല്‍ സെപ്‌റ്റംബര്‍ 3 വരെ നീളുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതി മഴയില്‍ സാധാരണ ലഭിക്കേണ്ടതിലും 30 ശതമാനം മഴക്കുറവാണ് വയനാട്ടില്‍ ഈ സീസണില്‍ ലഭിച്ചതെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റൊരു മലയോര ജില്ലയായ ഇടുക്കിയിലും ഈ മണ്‍സൂണ്‍ സീസണില്‍ മഴ നന്നേക്കുറഞ്ഞു. ഇടുക്കിയില്‍ 33 ശതമാനമാണ് മഴക്കുറവ്. എറണാകുളത്ത് 27 ശതമാനവും തീരദേശ ജില്ലയായ ആലപ്പുഴയില്‍ 21 ശതമാനവുമാണ് മഴക്കുറവ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ആകെ ശരാശരി മഴ സാധാരണ നിലയിലാണ്.
സംസ്ഥാനത്ത് 2018.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1748.1 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. 13 ശതമാനത്തിന്‍റെ നേരിയ കുറവ് മാത്രം. വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളൊഴിച്ചാല്‍ മറ്റ് 8 ജില്ലകളിലും ഈ സീസണില്‍ മഴ സാധാരണ നിലയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.