തീവ്രവാദ സംഘടനകളെ ചേർത്തുനിർത്തുന്ന നെറികെട്ട രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത് - ഇ.പി. ജയരാജൻ കണ്ണൂര്‍: എസ്‌ഡിപിഐ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിരോധിത സംഘടനക്ക് പിന്നാലെ പോയത് അപകടകരമായ രാഷ്‌ട്രീയമാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളിൽ നിന്ന് യുഡിഎഫിനെതിരെ ഉയർന്നുവന്ന വികാരത്തെ തണുപ്പിക്കാനാണ് തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചത്. മുസ്‌ലിം ജനവിഭാഗമാകെ തീവ്രവാദ പക്ഷത്താണ് എന്ന് ചിത്രീകരിക്കാനേ ഇത്തരം നീക്കം ഉപകരിക്കൂ. മുസ്‌ലിം ജനവിഭാഗം ഈ അവിശുദ്ധ കൂട്ടുകെട്ടിനെ അംഗീകരിക്കില്ല എന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
ഒരു വശത്ത് എസ്‌ഡിപിഐയുമായും മറുവശത്ത് ആർഎസ്‌എസുമായും കൈകോർക്കുന്ന അവിശുദ്ധ രാഷ്‌ട്രീയമാണ് കാണുന്നത്. പൈവളിഗെയിൽ ബിജെപി അവിശ്വാസത്തെ കോൺഗ്രസ് പിന്തുണച്ചു. കലിക്കറ്റ് സർവകലാശാലക്ക് പിന്നാലെ കണ്ണൂർ സർവകാല സെനറ്റിലേക്കും സർവകലാശാല പാനൽ അട്ടിമറിച്ച് കോൺഗ്രസുകാരെയും ആർഎസ്‌എസുകാരെയും ഗവർണ്ണർ തിരുകിക്കയറ്റിയതും ഇവർ തമ്മിലുള്ള ഒത്തുകളിയാണ്.
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടികളിൽ ഉൾപ്പെടെ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. ഇങ്ങനെ അപ്പുറത്തും ഇപ്പുറത്തുമുള്ള വർഗീയ–തീവ്രവാദ സംഘടനകളെ ചേർത്തുനിർത്തുന്ന നെറികെട്ട രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത് എന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
കാസർകോട്ടെ റിയാസ് മൗലവി വധക്കേസിന്‍റെ വിധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിക്കുന്ന നിലപാട് പ്രതികളായ ആർഎസ്‌എസുകാരെയും ആർഎസ്‌എസിന്‍റെ കൊലപാതക രാഷ്‌ട്രീയത്തെയും വെള്ള പൂശുന്നതാണ്. വിധി ന്യായത്തിന്‍റെ വിവിധ വശങ്ങൾ പരിശോധിക്കാതെ സംസ്ഥാന സർക്കാരിനെ വിമർശിക്കാനെന്ന പേരിൽ വിധിയെ സതീശൻ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയുമാണ്.
വിധിപ്പകർപ്പ് വായിച്ച സാമാന്യ ബുദ്ധിയുള്ള ഒരാൾക്കും ഈ വിധി ന്യായത്തെ ന്യായീകരിക്കാനാകില്ല എന്നും, കേസിൽ അപ്പീൽ സാധ്യതയില്ല എന്നെല്ലാമുള്ള പരാമർശത്തിലൂടെ വിധിയെ അപ്പാടെ അംഗീകരിക്കുന്ന നടപടി അപലപനീയവുമാണ് എന്നും ജയരാജൻ വ്യക്തമാക്കി.
കേസിന്‍റെ ഒരു ഘട്ടത്തിലും പൊലീസിനോ, പ്രോസിക്യൂഷനോ സർക്കാറിനോ ഒരു വീഴ്‌ചയും ഉണ്ടായിട്ടില്ല. സംഭവം നടന്ന് നാല് ദിവസത്തിനകം മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. എസ്‌പി ശ്രീനിവാസൻ, ഡിവൈഎസ്‌പി സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അതിവിദഗ്‌ധമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയതും കുറ്റപത്രം തയ്യാറാക്കിയതും.
അറസ്‌റ്റിലായ അന്ന് മുതൽ വിധി വരുന്നത് വരെ ഏഴു വർഷം വിചാരണ തടവുകാരായി ജയിലിൽ കിടന്നു. പല ഘട്ടത്തിലും ജാമ്യത്തിന് വേണ്ടി ശ്രമിച്ചെങ്കിലും സർക്കാരിന്‍റെയും പ്രോസിക്യൂഷന്‍റെയും കർശന ഇടപെടലുകൾ കാരണമാണ് ജാമ്യം ലഭിക്കാതിരുന്നത്. 90 ദിവസം തികയുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതിനാൽ വിധി വരുന്നത് വരെ പുറത്തിറങ്ങാനുള്ള എല്ലാ അവസരവും ഇല്ലാതാക്കി.
റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യ പ്രകാരമാണ് മുതിർന്ന അഭിഭാഷകനും മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. അദ്ദേഹത്തിന്‍റെ മരണ ശേഷം ജൂനിയറായിരുന്ന അഡ്വ. ഷാജിത്തിന് കേസ് ചുമതല നൽകിയതും റിയാസ് മൗലവിയുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ്.
97 സാക്ഷികളെയാണ് വിസ്‌തരിച്ചത്. ഒരാൾ പോലും കൂറുമാറിയില്ല. 375 രേഖകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 87 സാഹചര്യ തെളിവുകളും, 124 മേൽക്കോടതി ഉത്തരവുകളും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. കേസന്വേഷണത്തിലും, വിചാരണയിലും സുതാര്യതയും തികഞ്ഞ സത്യസന്ധതയുമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും പുലർത്തിയത്. അതിൽ ഒരു ഘട്ടത്തിലും ആരും പരാതി പറഞ്ഞിട്ടില്ല. അവരുടെ ആത്മർത്ഥയേയും അർപ്പണബോധത്തെയും റിയാസ് മൗലവിയുടെ കുടുംബവും എടുത്തു പറഞ്ഞിട്ടുമുണ്ട്.
പ്രതികൾ ആർഎസ്‌എസുകാർ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നാണ് കോടതി പറഞ്ഞത്. കേസിലെ വിധിയുമായി അതിന് എന്ത് ബന്ധം. മറ്റെല്ലാ തെളിവുകളും സ്‌പഷ്‌ടമായി ഉണ്ടായിട്ടും ആർഎസ്‌എസുകാർ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല എന്നതുകൊണ്ട് കുറ്റവാളികൾ കുറ്റവാളികൾ അല്ലാതാകില്ലല്ലോ.
ഒരു തരത്തിലും പ്രതികളെ വിട്ടയക്കാൻ സാധ്യതയില്ലാത്ത കേസ്. ഇത്രയധികം തെളിവുകളും ശാസ്ത്രീയപരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും കേസിലെ വിധിന്യായം പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ ശരിവെച്ചില്ല. ഇത് ഭയവും ഉത്‌കണ്‌ഠയും ഉളവാക്കുന്നതാണ്.
സർക്കാർ ഈ കേസിൽ പുലർത്തിയ ജാഗ്രതയെയും. ആത്മാർഥതയെയും, അർപ്പണ ബോധത്തേയും വിധി വന്ന ശേഷവും ആ കുടുംബം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടും വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ പുകമറ സൃഷ്‌ടിക്കുകയാണ്. ഇങ്ങനെ പുകമറ സൃഷ്‌ടിച്ചും കൊലപാതകികളെ വിട്ടയച്ചതിനെ ന്യായീകരിച്ചും ആർഎസ്‌എസുകാർക്ക് ഒത്താശ ചെയ്യുന്ന ഇത്തരം നടപടികൾ അങ്ങേയറ്റം അപലപനീയമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.