പത്തനംതിട്ട:കുവൈറ്റിലെ മംഗഫിൽ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവല്ല മല്ലപ്പള്ളി കീഴ്‌വായ്‌പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിൻ്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തേതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിൻ്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ നല്‍കിയത്.
പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്‌ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡൻ്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്. സിബിൻ്റെ പിതാവ് എബ്രഹാം മാത്യു, പത്ത് മാസം പ്രായമായ മകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.