ഹരിദ്വാർ: ഹരിദ്വാറിലെ സിദ്‌കുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ഹോക്കി താരത്തെ പരിശീലകന്‍ ബലാത്സംഗം ചെയ്‌തതായി ആരോപണം. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരാതിയെ തുടര്‍ന്ന് പരിശീലകനെ പോലീസ് ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. താനക്പൂർ സ്വദേശിയായ പരിശീലകന്‍ ഭാനു പ്രകാശി (30) നെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജനുവരി 28 മുതൽ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. ചില മത്സരങ്ങള്‍ ഹരിദ്വാർ റോഷ്‌നാബാദിലും നടക്കുന്നുണ്ട്. റോഷ്‌നാബാദ് സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിലാണ് സംഭവം. ഞായറാഴ്ച രാത്രി പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.
കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. പുറത്തുവരുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി. അന്വേഷണത്തിന് വനിതാ സബ് ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ 38-ാമത് ദേശീയ ഗെയിംസ് ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെയാണ് സംഘടിപ്പിക്കുന്നത്. ഗെയിംസില്‍ ഹോക്കി, ഗുസ്തി, കബഡി മത്സരങ്ങൾ ഹരിദ്വാറിലെ റോഷ്‌നാബാദ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ഈ ഗെയിമുകൾക്കുള്ള തയ്യാറെടുപ്പിനായി താരങ്ങള്‍ ക്യാമ്പിൽ പരിശീലിക്കുന്നത്.