കോഴിക്കോട് :കുവൈറ്റിൽ 50 മനുഷ്യ ജീവനുകൾ വെന്തെരിഞ്ഞപ്പോൾ കേരളത്തിനാണ് അത് വലിയ നോവായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ ക്യാമ്പിൽ ഉണ്ടായ ദുരന്തം നിരവധി കുടുംബങ്ങളെയാണ് കണ്ണീരിലാഴ്ത്തിയത്. തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ എൻബിടിസി (Naser M. Al-Baddah & Partner General Trading & Contracting Co. w.l.l.) കമ്പനി കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ്.
ലേബര്‍ ക്യമ്പിലുണ്ടായ തീപിടിത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനിൽ നിന്നാണെന്ന് എൻബിടിസി അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ക്യാബിനിലെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നു. സെക്യൂരിറ്റി ക്യാബിനിൽ പടർന്നു കയറിയ തീ വലിയ പുകപടലമായി ഉയർന്നു. പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും അപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.
താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈറ്റിലെ അന്വേഷണ സംഘവുമായി സഹകരിക്കുന്നതായാണ് വിവരം. തീപിടിത്തത്തിൽ സുരക്ഷാവീഴ്‌ച ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ട് ഉണ്ട്. കുവൈറ്റ് പൗരനെയും പ്രവാസിയേയുമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം.
നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനും ആണ് കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ തീ ആളിപ്പടർന്നപ്പോൾ കെട്ടിടത്തിലുണ്ടായിരുന്നത് 196 പേരാണ്. ഇതിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റ് കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് കുവൈറ്റ് ആരോഗ്യ വിഭാഗം നൽകുന്നത്.