തിരുവനന്തപുരം: എ ഐ റോബോട്ടിക് ആനകളും ഡിജിറ്റല്‍ വെടിക്കെട്ടും ചന്തം ചാര്‍ത്തുന്ന സാങ്കല്‍പ്പിക പൂരത്തിലൂടെ ആക്ഷേപ ഹാസ്യത്തിന്‍റെ അമ്പുതൊടുത്ത് കലോല്‍സവത്തിലെ കുട്ടി കാര്‍ട്ടൂണിസ്‌റ്റുകള്‍. കരിയും കരിമരുന്നുമില്ലാത്ത ഉത്സവം എന്ന വിഷയത്തെ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടി കാര്‍ട്ടൂണിസ്‌റ്റുകള്‍ വരയുടെയും ചിന്തയുടേയും പൂരപ്പറമ്പാക്കി.ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച തന്ത വൈബ് എന്ന ഹയര്‍ സെക്കണ്ടറിയിലെ വിഷയം ചേട്ടന്മാരും ചേച്ചിമാരും വൈബാക്കി.
രണ്ട് വനിതാ കാര്‍ട്ടൂണിസ്‌റ്റുകള്‍ അടക്കം 14 കൗമാര കാര്‍ട്ടൂണിസ്‌റ്റുകളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തില്‍ മാറ്റുരച്ചത്. 13 പേര്‍ക്കും എ ഗ്രേഡ് കിട്ടിയപ്പോള്‍ ഒരാള്‍ക്ക് ബി ഗ്രേഡ് കിട്ടി. 2024ൽ ട്രെന്‍ഡിങ്ങായ പുതിയ വാക്ക് 'തന്ത വൈബ്' ആയിരുന്നു കാര്‍ട്ടൂണിന് വിഷയം.
കാസര്‍കോട്ടുകാരി അഭിരാമി കെവിയും പാലക്കാട്ടുകാരന്‍ അക്ഷയ് ടിപിയും ഉപദേശികളായ അച്‌ഛന്മാരെ വരച്ച് ട്രോളി. മോദിയുടെ ചായക്കടയും പിണറായിയും സുരേഷ് ഗോപിയും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ശിവന്‍കുട്ടിയും കഥാപാത്രങ്ങളായി വന്ന കാര്‍ട്ടൂണിലൂടെയാണ് മലപ്പുറത്ത് നിന്നുള്ള അഖില്‍രാജ് തന്ത വൈബിനെ കളിയാക്കുന്നത്. തൃശൂരില്‍ നിന്നുള്ള അന്വയ് മാധവ് കെഎ ഓടക്കുഴല്‍ വിട്ട് ഡിജെയിലേക്ക് മാറുന്ന ശ്രീകൃഷ്‌ണനെയും കാര്‍ട്ടൂണിലേക്ക് കൊണ്ടുവന്നു.
യുവജനോത്സവ വേദിയെത്തന്നെ ട്രോളിയ കാര്‍ട്ടൂണായിരുന്നു കോഴിക്കോട്ടെ 'റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഹാന്‍ഡികേപ്‌ഡ്' വിദ്യാര്‍ഥി പ്രണാം പ്രകാശ് പിഎസിന്‍റേത്. കാര്‍ട്ടൂണിസ്‌റ്റ് ഗോപീകൃഷ്‌ണന്‍ അടക്കമുള്ളവരായിരുന്നു വിധി കര്‍ത്താക്കള്‍.
ഹൈസ്‌കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തിന് 14 മല്‍സരാര്‍ഥികളാണുണ്ടായിരുന്നത്. 9 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചപ്പോള്‍ 5 പേര്‍ക്ക് ബി ഗ്രേഡ് കിട്ടി. കരിയും കരിമരുന്നുമില്ലാതായാല്‍ എന്നതായിരുന്നു വിഷയം.
തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ദിയാ ദയാനന്ദന്‍ ആനയും വെടിക്കെട്ടുമില്ലാത്ത ഒരു ഇലക്ഷന്‍ പ്രചാരണം തന്നെയാണ് കാര്‍ട്ടൂണിലേക്ക് കൊണ്ടു വന്നത്. സുരേഷ് ഗോപിയും രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരും പിണറായിയുമൊക്കെ കഥാപാത്രങ്ങളായ കാര്‍ട്ടൂണ്‍ മുതിര്‍ന്നവരുടേതിനോട് കിടപിടിക്കുന്ന നിലവാരം പുലര്‍ത്തുന്നതായിരുന്നു.
കൊച്ചു കാര്‍ട്ടൂണിസ്‌റ്റിന്‍റെ സാമൂഹ്യ നിരീക്ഷണം എത്രത്തോളം ശക്തമാണെന്ന് വിളിച്ചോതുന്ന കാര്‍ട്ടൂണായിരുന്നു പത്തനംതിട്ട പറക്കോട് അമൃത ഗേള്‍സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി അഞ്ജലി കെഎസിന്‍റേത്. കരിവീരനില്ലാത്ത ഉത്സവത്തിന് പൂച്ചയെ എഴുന്നള്ളിക്കുന്നതും കരിമരുന്ന് പ്രയോഗം വിലക്കിയതിനാല്‍ പകരം യുഎഫ്‌ഒ ലൈറ്റ് ഉപയോഗിക്കുന്നതും അഞ്ജലി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
മാലപ്പടക്കവുമായി നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നവരെ ഓടിക്കുന്ന ഗജവീരനും പൂരത്തിന് വേണ്ടാത്തത് കാരണം അരിക്കൊമ്പനൊപ്പം ചേരാന്‍ കെട്ടും കെട്ടിപ്പോകുന്ന കൊമ്പനേയും കരിമരുന്നില്‍ നിന്ന് മരുന്ന് വേര്‍തിരിച്ച് ആശുപത്രിക്ക് വില്‍ക്കാന്‍ പോകുന്നവരേയുമൊക്കെ കാര്‍ട്ടൂണിസ്‌റ്റുകൾ പകര്‍ത്തിയിരിക്കുന്നു. പടരാന്‍ തയ്യാറായി ഇരിക്കുന്ന എച്ച്എംപി വൈറസിനെ വരെ ചിലർ കാര്‍ട്ടൂണിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലപ്പുഴ ഹരിപ്പാട് ഗവണ്‍മെന്‍റ് ജിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരി അയിഷ എസ് ഈ വിഷയത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവുമായി ബന്ധപ്പെടുത്തിയാണ് സമീപിച്ചത്. പൂരത്തില്‍ നിന്ന് പുറത്തായ തൊഴില്‍ രഹിതരായ ആനകള്‍ പൂരത്തിന് എഐ ആനയെ ഇറക്കിയതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് കാര്‍ട്ടൂണിലുള്ളത്. പ്രോഗ്രാമിങ് മാറിപ്പോയപ്പോള്‍ എഐ ആനയ്ക്ക് മദമിളകുന്നതും ആളുകളെ ആക്രമിക്കുന്നതും കാര്‍ട്ടൂണ്‍ ചിത്രീകരിക്കുന്നു.
കണ്ണൂര്‍ കടന്നപ്പള്ളി ജിഎച്ച്‌എസ്‌എസിലെ പി.ദേവാദര്‍ശ് കരിയും കരിമരുന്നുമില്ലാത്ത ഉത്സവത്തെ കാണുന്നത് റോബോട്ടിക് ആനയേയും ന്യൂഏജ് പാപ്പാനേയും ചിത്രീകരിച്ചു കൊണ്ടാണ്. രാജ്യത്ത് മതം വളര്‍ത്താന്‍ ആനയെ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയാണ് പാലക്കാട് ശ്രീകൃഷ്‌ണപുരം എച്ച്‌എസ്‌എസില്‍ നിന്നുള്ള കൊച്ചു കാര്‍ട്ടൂണിസ്‌റ്റ് ഫാത്തിമ സിയ.
പൂരപ്പറമ്പില്‍ നിന്ന് പുറത്തായ കരിവീരനും കതിനാ വെടിയും തമ്മിലുള്ള സാങ്കല്‍പ്പിക സംഭാഷണമാണ് കൊല്ലത്ത് നിന്നുള്ള ഒമ്പതാം ക്ലാസുകാരന്‍ കാര്‍ത്തിക് എം കാര്‍ട്ടൂണില്‍ പകര്‍ത്തിയിരിക്കുന്നത്. വയനാട് പനമരം ക്രസന്‍റ് പബ്ലിക് സ്‌കൂളിലെ മഹിസ് എം ആളെക്കൊല്ലുന്ന ഉത്സവങ്ങള്‍ വേണ്ടെന്ന സന്ദേശമാണ് കാര്‍ട്ടൂണിലൂടെ നല്‍കുന്നത്. പൂരം പൊളിയാക്കാന്‍ ഡിജിറ്റല്‍ വെടിക്കെട്ടും റോബോട്ടിക് ആനകളെയും രംഗത്തിറക്കിയപ്പോള്‍ പവര്‍കട്ട് എല്ലാം നശിപ്പിച്ച രംഗം കാര്‍ട്ടൂണിന് വിഷയമാക്കിയ കോഴിക്കോട് എളേറ്റില്‍ എംജെഎച്ച്‌എസ് എസിലെ മുഹമ്മദ് നജാദ് ആനകള്‍ ഷട്ട് ഡൗണായിപൂരം പൊളിഞ്ഞതാണ് ചിത്രീകരിക്കുന്നത്.
ഇടുക്കി ഡിഎച്ച്‌എസ് കുഴിത്തോളിലെ അലന്‍ കെഎ ആനയും പൂരവും എന്ന വിഷയം കൈകാര്യം ചെയ്‌തത് കേശു ആനയും പാപ്പാനുമായുള്ള സംഭാഷണത്തിന്‍റെ രൂപത്തിലാണ്. പൂരത്തിന് ആനയില്ലാതെ കളറില്ലെന്ന് കാര്‍ട്ടൂണിസ്‌റ്റ് പറയുന്നു.
വാട്ടര്‍ കളര്‍ പെയിന്‍റിങ്: ഹൈസ്‌കൂള്‍ വിഭാഗം വാട്ടര്‍ കളര്‍ ചിത്ര രചനാ മത്സരത്തില്‍ 15 പേരാണ് പങ്കെടുത്തത്. 9 പേര്‍ക്ക് എ ഗ്രേഡും 6 പേര്‍ക്ക് ബി ഗ്രേഡും ലഭിച്ചു. പാടത്തെ കാഴ്‌ചകളാണ് കൊച്ചു ചിത്രകാരന്മാരും ചിത്ര കാരികളും പങ്കുവച്ചത്. എറണാകുളം ചെറായി സഹോദരന്‍ മെമ്മോറിയല്‍ എച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസുകാരന്‍ ആദി ദേവിന്‍റെ കാന്‍വാസില്‍ പിറന്നത് ഒരു കൊയ്‌ത്ത് ദൃശ്യമാണ്.
കോഴിക്കോട് സെന്‍റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്‌എസിലെ പത്താം ക്ലാസുകാരി ആവണി പിയും ക്യാന്‍വാസിലേക്കാവാഹിച്ചത് കൃഷിപ്പണിയില്‍ മുഴുകിയ സ്‌ത്രീകളെയാണ്. മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്‌എസ്‌എസിലെ അഫ്രാ സെഹ്ന വരച്ചതും ഞാറ് നടുന്ന നാട്ടിപ്പണിയില്‍ മുഴുകിയ സ്‌ത്രീകളെയായിരുന്നു.
കൊല്ലം വിമലാ ഹൃദയ ഗേള്‍സ് എച്ച് എസിലെ അനന്യ എസ് സുഭാഷിന്‍റെ ചിത്രത്തിലുള്ളത് പാടത്തെ സമൃദ്ധമായ വിളവെടുപ്പാണ്. കൃഷിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നവരും വിളഞ്ഞു നില്‍ക്കുന്ന ഫലങ്ങളും ഏറെ വര്‍ണ ശോഭയോടെ അവതരിപ്പിച്ചിരിക്കുന്നു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്‌എസിലെ നീതു കൃഷ്‌ണ ആര്‍ പാടത്തെ കൊയ്‌ത്തും കൊയ്‌തെടുത്ത കറ്റകളുമായി പുറപ്പെടുന്ന സ്‌ത്രീകളെയുമാണ് വരച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍റ് മേരീസ് ഗേള്‍സ് എച്ച്‌എസ് പയ്യന്നൂരിലെ സാധിക പിഎം വരച്ച ചിത്രത്തിലും ഉള്ളത് കൊയ്‌ത്ത് നടക്കുന്ന പാടവും കൊയ്‌തു കൂട്ടിയ കറ്റകളും കറ്റയുമായി മടങ്ങുന്ന സ്‌ത്രീകളുമൊക്കെത്തന്നെ.
തിരുവനന്തപുരം അവനവഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരന്‍ ശ്രീദേവ് ഹരീഷിന്‍റെ പെയിന്‍റിങ്ങില്‍ കൊയ്‌ത്തും മെതിയും ഒരേ ഫ്രെയിമില്‍ കാണാം. വയനാട് പനമരം ജി എച്ച്‌എസ്‌എസിലെ ശ്രീദേവി പിയുടെ ചിത്രത്തിലും കൊയ്‌ത്താണ് വിഷയം. മലകളുടെ പശ്ചാത്തലത്തിലാണ് പാടം ചിത്രീകരിച്ചിരിക്കുന്നത്. കോട്ടയം ഭരണങ്ങാനം എസ്‌എച്ച്‌ജിഎച്ച്‌എസ്‌എസിലെ ശ്രീലക്ഷ്‌മി ജയറാം കൃഷിപ്പണിയിലേര്‍പ്പെട്ട കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നു.
Also Read:ഈ ദഫിന്‍റെ താളം അച്‌ഛന് സമർപ്പണം, എ ഗ്രേഡ് നേട്ടവുമായി വിവേകും സംഘവും