തിരുവനന്തപുരം : എന്നും പുത്തൻ പ്രതിഭകളെ കലാലോകത്തേക്ക് സംഭാവന ചെയ്‌ത കലോത്സവത്തിലെ ഏറ്റവും ജനപ്രിയ ഇനങ്ങളിലൊന്നാണ് മിമിക്രി. 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ആറാം വേദിയായ സെന്‍റ് ജോസഫ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിനെ കയ്യിലെടുത്തായിരുന്നു കോട്ടയംകാരൻ അദിൻ ദേവിന്‍റെ പ്രകടനം. രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരുടെ ശബ്‌ദമനുകരിച്ചാണ് ആറാം വേദിയിൽ തടിച്ചുകൂടിയ ജനങ്ങളെയും, വിധികർത്താക്കളെ പോലും അദിൻ പൊട്ടിച്ചിരിപ്പിച്ചത്.
ഹാട്രിക് നേട്ടത്തിനരികിലാണ് കോട്ടയം മെഡിക്കൽ കോളജ് എംസിബി എച്ച്എസ്‌എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അദിൻ ദേവ്. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയാണ് അദിൻ മൂന്നാമങ്കത്തിന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അഞ്ചാം ക്ലാസ് മുതൽക്കാണ് മിമിക്രി പരിശീലനം ആരംഭിച്ചതെന്നും ടിവിയിൽ ഉമ്മൻചാണ്ടിയെ കണ്ടാണ് അനുകരണം ആരംഭിച്ചതെന്നും അദിന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യമായി ആത്മവിശ്വാസത്തോടെ അനുകരിച്ച ശബ്‌ദവും ഉമ്മൻചാണ്ടിയുടെതാണ്. സുഹൃത്തുക്കളാണ് തന്‍റെ അനുകരണം ഗംഭീരമാണെന്ന് ആദ്യം കണ്ടെത്തുന്നത്. വേദിയിൽ അവതരിപ്പിക്കാൻ പ്രചോദനം നൽകിയതും സുഹൃത്തുക്കൾ തന്നെ. വീട്ടിൽ നിന്ന് കൂടിയുള്ള പിന്തുണയുടെ പിൻബലത്തിൽ ആദ്യം സ്‌കൂൾ തലത്തിൽ മിമിക്രി ആരംഭിച്ചു.
സദസിനെ ആകെ കയ്യിലെടുക്കുന്ന അദിന്‍റെ മിമിക്രി മാജിക്കിന് താമസിയാതെ വലിയ ആരാധകരും അംഗീകാരവും ലഭിച്ചു തുടങ്ങി. ഇത്തവണയും എ ഗ്രേഡ് പ്രതീക്ഷയോടെയാണ് അദിൻ കലോത്സവത്തിനെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ അദിന്‍റെ അവസാന സംസ്ഥാന സ്‌കൂൾ കലോത്സവം കൂടിയാണിത്.

Also Read: കല ആസ്വദിക്കാൻ കാലുകളെന്തിന്? നിൻസി എത്തിയത് വീൽ ചെയറിൽ; പണിയനൃത്തം ആവോളം കണ്ട് മടക്കം