കോഴിക്കോട്: ചെണ്ടയിൽ ചാമുണ്ഡി താളം മുറുകി... ദേവിയെ സ്‌തുതിക്കുന്ന തോറ്റം ഉച്ചസ്ഥായിലെത്തി... ഭഗവതിയുടെ പുറപ്പാടാണ്. രൗദ്ര താളത്തിലുള്ള ഭഗവതിയുടെ ആട്ടം കണ്ട് ഭക്തർ ഭയഭക്തിയോടെ തൊഴുതു നിന്നു. കുന്ദമംഗലം ഗവൺമെൻ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്‌സ് അധ്യാപകനായ രഘുദാസ് ഭഗവതിയായി പകർന്നാടുകയാണ്.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ ആദ്യ ഉത്സവമായ ചാത്തമംഗലം വെള്ളനൂർ കോട്ടോയിൽ പരദേവത ക്ഷേത്രത്തിലാണ് ഇത്തവണയും രഘുദാസ് ഭഗവതിയായി നിറഞ്ഞാടിയത്. പാരമ്പര്യമായി കിട്ടിയ തിറയാട്ടമാണ് കോളേജ് അധ്യാപക വൃത്തിക്കിടയിലും രഘു കൈവിടാതെ കാത്തുസൂക്ഷിക്കുന്നത്. അധ്യാപകവൃത്തി പഠിച്ചു നേടിയതും തിറയാട്ടം പാരമ്പര്യമായി പകർന്ന് കിട്ടിയതുമാണെന്ന് രഘു പറയുന്നു.
രൗദ്ര ഭാവമാണ് ഭഗവതി തിറയുടെ പ്രത്യേകത. എഴുത്തിലും ആട്ടത്തിലും താളത്തിലുമെല്ലാം ആ ഭാവം നിലനിൽക്കും. അധ്യാപക ജോലിയിലെ തിരക്കിനിടയിലും കാരണവന്മാരിലൂടെ കൈമാറിക്കിട്ടിയ തിറയാട്ടം എന്ന ദൈവിക കലയെ കൈവിടില്ലെന്ന് രഘുദാസ് പറയുന്നു.
തിറയാട്ടത്തിനൊരുങ്ങുന്ന രഘുദാസ് (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ധനു മാസത്തിൻ്റെ ആരംഭം മുതൽ തെക്കൻ മലബാറുകാർക്ക് തിറയാട്ടക്കാലമാണ്. ഭഗവതി കാവുകളും തറവാട്ടു ക്ഷേത്രങ്ങളിലുമെല്ലാം പഴമ കൈവിടാതെ ഭഗവതിക്കോലം കെട്ടിയാടാറുണ്ട്. വർഷമിപ്പോള്‍ 2025 ലേക്ക് കടന്നെങ്കിലും പാരമ്പര്യവും പഴമയും കൈവിടാതെ തിറയാട്ടം ഇപ്പോഴും ആചാരമായി അനുഷ്‌ഠിക്കുകയാണ് രഘുദാസ്.
തിറയാട്ടത്തിനൊരുങ്ങുന്ന രഘുദാസ് (ETV Bharat) മനുഷ്യർ തങ്ങളുടെ ദുരിതങ്ങളിൽ നിന്നു കരകയറാൻ അഭൗമ ശക്തിക്കു മുന്നിൽ ആത്മ സമർപ്പണം നടത്തുന്നതാണ് തിറയാട്ടം ഉൾപ്പെടെയുളള അനുഷ്‌ഠാന കലകളിലൂടെ കാണുന്നത്. കാഴ്ച്ചക്കാരൻ്റെ മനസിനെ ഭയഭക്തിയോടെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ദൃശ്യകല.
തിറയാട്ടത്തിനൊരുങ്ങുന്ന രഘുദാസ് (ETV Bharat) നഷ്‌ടപ്പെട്ടു പോകുന്ന മൂല്യങ്ങളെയും നന്മകളേയും തിരികെ കൊണ്ടുവരാൻ ദൈവീക അനുഷ്‌ഠാനങ്ങൾക്കു കഴിയുന്നു എന്നതാണ് അനുഷ്‌ഠാന കലകളുടെ ധർമ്മം. അതിനാൽ തന്നെ കഴിയുന്ന കാലത്തോളം ഭക്തർക്ക് മുൻപിൽ അവരുടെ ഇഷ്‌ട ദേവതയായ ഭഗവതിയായി നിറഞ്ഞാടണമെന്നാണ് രഘുദാസിൻ്റെ ആഗ്രഹം.
Read More: കവടിയാര്‍ കൊട്ടാരത്തിന്‍റെ ദൂതനായി 13-കാരന്‍; സംക്രമാഭിഷേകത്തിനുള്ള 'അയ്യപ്പ മുദ്ര' എത്തിച്ചത് ആദിത്യ