കോഴിക്കോട്: തിരുവമ്പാടിയിൽ നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശി ത്രേസിയാമ്മ മാത്യു (63), കണ്ടപ്പാൻചാൽ സ്വദേശി കമല എന്നിവരാണ് മരിച്ചത്. ഡ്രൈവറും കണ്ടക്‌ടറും അടക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. യാത്രക്കാരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്‌ക്ക് 1.45ഓടെയാണ് അപകടം. പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞത്. തിരുവമ്പാടിയിൽ നിന്ന് ആനക്കാംപൊയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ നിയന്ത്രണം വിട്ട ബസ് റോഡിലെ കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.
കെഎസ്‌ആര്‍ടിസി അപകടം (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് ക്രെയിന്‍ എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരെ മുക്കം ശാന്തി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ കുറിച്ച് ബസിലെ യാത്രികന്‍:
'മുത്തപ്പൻപൊയിലിൽ നിന്നും ഉച്ചക്ക് 1.10നാണ് ബസ് പുറപ്പെട്ടത്. 9 കിലോമീറ്റർ കഴിഞ്ഞപ്പോൾ അപകടത്തിൽപ്പെട്ടു. ഞെട്ടിത്തരിച്ചുപ്പോയ അപകടമാണ് സംഭവിച്ചതെന്ന് യാത്രക്കാരനായ മനോജ് പറഞ്ഞു. 'ഞാനും ബസിലുണ്ടായിരുന്നു. ലേശം വൈകിയാണ് ബസ് വന്നത്. 1.50ന് മുക്കത്ത് എത്തേണ്ട വണ്ടിയാണ്. അതിനിടയിൽ പതിനഞ്ചിലേറെ സ്റ്റോപ്പ് ഉണ്ട്.
ഓടി എത്തേണ്ടതുകൊണ്ട് വേഗത കൂടുതലായിരുന്നു. കാളിയാമ്പുഴക്ക് സമീപം റോഡ് പണി നടക്കുന്നതുകൊണ്ട് വളച്ചും വെട്ടിച്ചും എടുക്കുന്നതിനിടെയാണ് വണ്ടി വെള്ളത്തിലായത്. മറ്റ് വാഹനങ്ങളൊന്നും എതിര്‍വശത്തുണ്ടായിരുന്നില്ല. റോഡരികിലെ കലുങ്കിൽ തട്ടിയാണ് ബസ് മറിഞ്ഞത്.
സീറ്റ് നിറയെ ഉണ്ടായിരുന്ന ആളുകളെല്ലാം മുൻ ഭാഗത്തേക്ക് തെറിച്ചു വീണു. ഒരാൾ പൊക്കത്തിൽ വെള്ളത്തിൽ നിന്നും പിന്നെ കൂട്ട നിലവിളിയായിരുന്നു. പലരുടേയും കാലും കൈയും കുടുങ്ങിയ അവസ്ഥയിലായിരുന്നു. കമ്പിക്കുളളിൽ കുടുങ്ങി പോയ രണ്ട് സ്ത്രീകളെ അടക്കം പലരേയും രക്ഷപ്പെടുത്തി. അതിൽ രണ്ട് മൂന്ന് പേർ അബോധാവസ്ഥയിലായിരുന്നു. എന്നാലും എല്ലാവരേയും കരക്കെത്തിക്കാൻ കഴിഞ്ഞുവെന്നും മനോജ് പറഞ്ഞു
ആനവണ്ടി മാത്രം ഓടുന്ന നാട്ടിലാണ് ഒരു വണ്ടി വെള്ളത്തിലായത്. റോഡ് പണി നടക്കുന്നതുകൊണ്ട് പല സ്ഥലത്തും തടസങ്ങളുണ്ട്. എന്നാലും സൂപ്പറാണ് മലയോര റോഡ്. അപകടങ്ങൾ പൊതുവേ കുറവാണ്. അവിടെ വലിയ ഒരപകടം സംഭവിച്ചു. വലിയ ദുരന്തമായി മാറിയില്ല എന്നത് ആശ്വാസകരമെന്നും' മനോജ് പറഞ്ഞു.
Also Read:അമിത വേഗതയില്‍ പായവെ റോഡിലെ കുഴിവെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തോട്ടില്‍, ആറ് പേര്‍ക്ക് പരിക്ക്