കോഴിക്കോട്: ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പികെ ദിവാകരൻ വിഷയത്തിലെ വിഭാഗീയത സിപിഎമ്മിന് തലവേദനയാകുന്നു. വടകരയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് പികെ ദിവാകരൻ ഉൾപ്പെടെ 11 പേരെ ഒഴിവാക്കുകയും 13 പേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്‌തത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ വിമർശിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാ അധ്യക്ഷ കെപി ബിന്ദുവിനെ ഉൾപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. ടിപി ചന്ദ്രശേഖരൻ വധത്തിന് പിന്നാലെ വലിയ പ്രതിസന്ധിയിലായ സിപിഎം, ടിപിയുടെ അടുത്ത സുഹൃത്തായ പികെ ദിവാകരനെ മുന്നിൽ നിർത്തിയായിരുന്നു വിശദീകരണ യോഗങ്ങൾ നടത്തിയത്. ടിപി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കാൻ ബ്രാഞ്ചുകൾ തോറും പ്രസംഗിക്കുന്നതിന് ദിവാകരനെയാണ് നിയോഗിച്ചിരുന്നത്. അതേ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിയതോടെ അത് മറ്റൊരു വിഭാഗീയതയ്ക്ക് കാരണമായിരിക്കുകയാണ്.
ഒരു കാരണവും വ്യക്തമാക്കാതെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ദിവാകരൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വടകരയിൽ സിപിഎം ഏരിയ കമ്മറ്റി വിളിച്ച് ചേർത്തു. ദിവാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് മണിയൂർ തുറശ്ശേരി മുക്കിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ നാൽപതോളം പേർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പാർട്ടിയിൽ തോന്നിയപോലെ തീരുമാനമെടുക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചിരുന്നു. വിഷയം വലിയ വിഭാഗീയതയിലേക്ക് പോകുമോ എന്നതാണ് പാർട്ടിയുടെ ആശങ്കയും ചർച്ചയും. സിപിഎം വടകര ഏരിയ സെക്രട്ടറിയായിരുന്ന പികെ ദിവാകരനെ ആദ്യം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പിന്നാലെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒടുവിൽ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.