കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - kerala weather today - KERALA WEATHER TODAY

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും, 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

WEATHER UPDATE IN KERALA  ORANGE ALERT IN 10 DISTRICTS  കേരളം മഴ മുന്നറിയിപ്പ്  KERALA RAIN NEWS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 30, 2024, 5:20 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 14 ജില്ലകളിലും ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജില്ലകളിൽ 24 മണിക്കൂറില്‍ 115.6 മിമീ മുതല്‍ 204.4 മിമി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.അതേസമയം തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

അറബിക്കടലിലെത്തിയ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. അതേസമയം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടില്‍ ജില്ലാ ഭരണകൂടം പ്രത്യേക ജാഗ്രത നിര്‍ദേശം പുറത്തിറക്കി.

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ജാഗ്രത പാലിക്കണം എന്നും ആവശ്യമായാല്‍ ഇത്തരം സ്ഥലങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറായി ഇരിക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

കേരളത്തിൽ വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിൽ അതിതീവ്രന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡീഷക്കും സമീപത്തായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. അടുത്ത 36 മണിക്കൂറിൽ ശക്തിയേറിയ ന്യൂനമർദ്ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ ഈ ആഴ്‌ച ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Also Read:മഴദുരിതത്തില്‍ ഗുജറാത്തും ഡല്‍ഹിയും; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, ഗതാഗതം തടസപ്പെട്ടു

ABOUT THE AUTHOR

...view details