അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. അമ്മ ലിവി സുരേഷ് ബാബുവിന്‍റെ (65) വേര്‍പാടില്‍ വിങ്ങിപ്പൊട്ടി സംഗീത സംവിധായകന്‍. ഈ സാഹചര്യത്തില്‍ ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
അമ്മ എന്നും എന്‍റെ ശക്‌തിയും വഴികാട്ടിയും ആയിരിക്കുമെന്നും ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും സംഗീത സംവിധായകന്‍ പറയുന്നു. തന്‍റെ ഹൃദയത്തിലും സംഗീതത്തിലും ആത്‌മാവിന്‍റെ ശാന്തിക്കായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. വികാരനിര്‍ഭര കുറിപ്പുമായി ഫേസ്‌ബുക്കിലൂടെ അമ്മയുടെ വിയോഗവാര്‍ത്ത അറിയിക്കുകയായിരുന്നു അദ്ദേഹം.
ഗോപി സുന്ദറുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്-
"അമ്മേ, എനിക്ക് ജീവിതവും സ്‌നേഹവും എന്‍റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള കരുത്തും നല്‍കിയത് അമ്മയാണ്. ഞാന്‍ സൃഷ്‌ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും അമ്മ പകര്‍ന്നു നല്‍കിയ സ്‌നേഹമുണ്ട്. അമ്മ എങ്ങും പോയിട്ടില്ല. എന്‍റെ ഹൃദയത്തിലും സംഗീതത്തിലും ആത്‌മാവിന്‍റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. അമ്മ ഇപ്പോഴും എന്നോടൊപ്പം ഉണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്ക് അറിയാം. അമ്മ എന്നും എന്‍റെ ശക്‌തിയും വഴികാട്ടിയും ആയിരിക്കും," ഗോപി സുന്ദര്‍ കുറിച്ചു.
തൃശൂരില്‍ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്‍റില്‍ ആയിരുന്നു ഗോപി സുന്ദറിന്‍റെ അമ്മ ലിവി സുരേഷ് ബാബുവിന്‍റെ അന്ത്യം. സംസ്‌കാരം ഇന്ന് (വ്യാഴാഴ്‌ച്ച) വൈകിട്ട് മൂന്ന് മണിക്ക് വടൂക്കര ശ്‌മശാനത്തില്‍ നടക്കും. ഭര്‍ത്താവ്: സുരേഷ് ബാബു, മക്കള്‍: ഗോപി സുന്ദര്‍, ശ്രീ, മരുമക്കള്‍: ശ്രീകുമാര്‍ പിള്ള.