തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (ജനുവരി 30) രാവിലെ കാണാതായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കൊലപാതക സാധ്യത പരിശോധിച്ചു വരികയാണ്. കുട്ടിയുടെ അമ്മയെയും അച്ഛനെയും അമ്മൂമ്മയേയും അമ്മയുടെ സഹോദരനെയും ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യല്‍ തുടരുകയാണ്.
വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ കുരുക്കിട്ട കയര്‍ കണ്ടെത്തിയതായി ബാലരാമപുരം പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്ഥലത്ത് പൊതുജനങ്ങളും തടിച്ചു കൂടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് വീട് പൂട്ടി സീല്‍ ചെയ്തു.
സംഭവം ഇങ്ങനെ...
ഉറങ്ങിക്കിടക്കുന്ന കുട്ടിയെ കാണാനില്ലെന്ന് ഇന്ന് പുലര്‍ച്ചെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം വീട്ടിലെത്തി. തുടര്‍ന്ന് വീടിന്റെ ചുറ്റുപാടുകളെല്ലാം പൊലീസ് പരിശോധിച്ചു.
ഇതിനിടയിലാണ് രണ്ടു വയസുകാരിയെ പൊലീസ് കിണറ്റിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘത്തിന് വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നും എടുത്തത്. കുട്ടിയുടേത് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.
മൊഴികളില്‍ പരസ്പര വൈരുദ്ധ്യം
കുട്ടിയുടെ മാതാപിതാക്കളായ ശ്രീതുവും ശ്രീജിത്തും നല്കിയ പരസ്പര വൈരുദ്ധ്യമുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
Read Also: സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്; 9 -ാം ക്ലാസുകാരനെ കുത്തി പ്ലസ് വണ്‍ വിദ്യാർഥി