തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്‌തേക്കും. പ്രത്യേക മുന്നറിയിപ്പുകളില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഞായറാഴ്‌ച (19-01-2025) നാല് ജില്ലകളില്‍ ശക്തമായ മഴ (യെല്ലോ അലര്‍ട്ട്) പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ 7 സെന്‍റി മീറ്റര്‍ മുതല്‍ 11 സെന്‍റി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കനത്ത മഴ ഉരുള്‍പൊട്ടലിനോ മണ്ണിടിച്ചിലിനോ കാരണമായേക്കാം എന്നതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണം. കൂടാതെ മരങ്ങള്‍ കടപുഴകുന്നതിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശമുള്ളതിനാല്‍ തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നതും വളര്‍ത്തുമൃഗങ്ങളുമായി പോകുന്നതും ഒഴിവാക്കുക. കോമറിന്‍ മേഖലയ്ക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.