കോഴിക്കോട് :റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കി റേഷൻ കടകളിലേക്കുള്ള റേഷൻ സാധനങ്ങളുടെ വിതരണം മന്ദഗതിയില്‍. കഴിഞ്ഞ മൂന്ന് മാസത്തെ കുടിശിക ഇനത്തിൽ ലഭിക്കാനുള്ള 100 കോടി രൂപയോളം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എൻഎഫ്എസ്എ കരാറുകാർ റേഷൻ കടകളിലേക്കും ഗോഡൗണുകളിലേക്കുമുള്ള വിതരണത്തിന് കാലതാമസം വരുത്തുന്നത്.
സംസ്ഥാനത്തെ അറുപത് ശതമാനം വരുന്ന എൻഎഫ്എസ്എ കരാറുകാരാണ് എഫ്‌സിഎയിൽ നിന്നും എൻഎഫ്എസ്എ ഗോഡൗണിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും റേഷൻ സാധനങ്ങൾ എത്തിക്കുന്നത്. കഴിഞ്ഞ മൂന്നുമാസത്തെ കുടിശിക ഇനത്തിൽ ഈ കരാറുകാർക്ക് നൂറ് കോടി രൂപയോളം ലഭിക്കാൻ ഉണ്ടെന്നാണ് ഇവർ പറയുന്നത്.
കുടിശികയായതോടെ ഡീസൽ അടിക്കാൻ പോലും പണം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി വിതരണത്തിനെത്തുന്ന ലോറികള്‍ സാധനങ്ങളുമായി റേഷൻ കടകളിൽ എത്താതായി. കൂടാതെ കയറ്റിറക്കക്കാർക്ക് പണം ലഭിച്ചില്ലെന്ന കാരണത്തിൽ അവരും ജോലി ചെയ്യാതെയായി. ഇതാണ് സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിലെ റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കിയത്.
ജൂൺ മാസമെത്തിയിട്ടും ഇതുവരെ റേഷൻ വ്യാപാരികൾക്ക് വിതരണം ചെയ്യാനുള്ള റേഷൻ സാധനങ്ങൾ കടകളിൽ എത്തിയിട്ടില്ല. മഴക്കാലമായതും ഇനി വരുന്ന മൂന്നുമാസത്തോളം പഞ്ഞമാസം കൂടിയായ ഈ സമയത്ത് റേഷൻ മുടങ്ങിയാൽ അത് റേഷനെ ആശ്രയിച്ച് കഴിയുന്ന സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.
പ്രതിസന്ധിയെക്കുറിച്ച് ഭക്ഷ്യ മന്ത്രിയുമായി സംസാരിക്കുമ്പോൾ അദ്ദേഹവും നിസഹായത പ്രകടിപ്പിക്കുന്നു എന്നാണ് റേഷൻകട ഉടമകളുടെ സംഘടന പ്രതിനിധികൾ പറയുന്നത്. ധനവകുപ്പിൽ നിന്നും പണം ലഭിക്കാത്തതാണ് റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കിയതെന്നും റേഷൻ വ്യാപാരികൾ പറയുന്നു. പ്രശ്‌നത്തിന്‍റെ ഗുരുതരാവസ്ഥ റേഷൻ വ്യാപാരികൾ നേരത്തെ തന്നെ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ പരിഹാരമായില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
റേഷൻ വ്യാപാരികൾ ഇപ്പോൾ നേരിടുന്ന പ്രയാസത്തിൽ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ റേഷൻ കടകളുടെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയുണ്ടാകും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ALSO READ: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ; മത്സ്യമേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ റേഷൻ