തിരുവനന്തപുരം:ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.
കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചു. ഡിജിറ്റൽ വിഭജനം കുറച്ചുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ദാരിദ്ര നിർമ്മാർജ്ജനത്തിന് മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയെന്ന് ഗവർണർ: ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് ഗവർണർ പറഞ്ഞു. വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിന്റെ പാതയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടം എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തക പരിഷ്കരണ സമിതിയിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുമെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
അതേസമയം പാലിയേറ്റീവ് കെയർ സംവിധാനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം രാജ്യത്തെ തന്നെ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം:കഴിഞ്ഞ പതിറ്റാണ്ടിൽ തുടർച്ചയായ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. ഓഖിയും കൊറോണയും പ്രളയങ്ങളും സംസ്ഥാനത്തുണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗവർണർ പറഞ്ഞു.