തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസും ലീഗും രംഗത്ത്. വർഗീയ ശക്തികളുമായുള്ള അദ്ദേഹത്തിന്‍റെയും പാർട്ടിയുടെയും അടുത്ത ബന്ധത്തിന്‍റെ പ്രതിഫലനമാണ് പിണറായിയുടെ പ്രസ്‌താവനകളെന്ന് കോൺഗ്രസിന്‍റെയും ലീഗിന്‍റെയും നേതൃത്വം ആരോപിച്ചു.
സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് യുഡിഎഫ് രംഗത്തെത്തിയത്. ഞായറാഴ്‌ച പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി പി സരിന്‍റെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് തങ്ങൾ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനെപ്പോലെ പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചത്.
ഇതിനുപിന്നാലെ ലീഗ് മുഖപത്രമായ ചന്ദ്രികയും പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പാണക്കാട് കുടുംബത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ലക്ഷ്യം വയ്‌ക്കുന്നതിലൂടെ പിണറായി വിജയന്‍ സംഘപരിവാർ താല്‍പര്യങ്ങള്‍ക്ക് കൈത്താങ്ങാണ് നല്‍കിയത്. സാമുദായിക സൗഹാര്‍ദത്തിന്‍റെ അംബാസിഡറെന്ന് മലയാളക്കര വിളിച്ച പാണക്കാട് തങ്ങള്‍മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്‍റെ ശ്രമം അദ്ദേഹവും സിപിഎമ്മും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബന്ധത്തിന്‍റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ എന്നും ചന്ദ്രിക വിമര്‍ശിച്ചു.
കേരളത്തിന്‍റെ സാമുദായിക സൗഹാര്‍ദത്തിന്‍റെ കടക്കല്‍ കത്തിവയ്‌ക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇടതുസര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടേയും ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
തൃശൂര്‍ പൂരം കലങ്ങിയതിലും ആര്‍എസ്എസ് ബന്ധത്തിന്‍റെ പേരില്‍ സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതുമെല്ലാം ഈ സഹായഹസ്‌ത്തിന്‍റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്.