മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. എന്നാൽ കട്ടൻ കാപ്പിയുടെ അമിത ഉപയോഗം ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ദിവസേന ഒന്നോ രണ്ടോ ഗ്ലാസ് കാപ്പി കുടിക്കുന്നത് സുരക്ഷിതമാണ്. അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉത്കണ്‌ഠ, ദഹന പ്രശ്‌നങ്ങൾ എന്നിവയുള്ള ആളുകൾ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കട്ടൻ കാപ്പിയുടെ പാർശ്വഫലങ്ങളെ കുറിച്ച് അറിയാം.
ഉറക്ക തകരാർ
കാപ്പിയിൽ ഉയർന്ന അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും ഉറക്കമില്ലായ്‌മയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് ജേർണൽ ഓഫ് ക്ലിനിക്കൽ സ്ലീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ വൈകുന്നേരങ്ങളിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
ഉത്കണ്‌ഠ
ഉയർന്ന അളവിൽ കഫീന്‍റെ ഉപഭോഗം കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് സൈക്കോസോമാറ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. ഇത് ഹൃദയമിടിപ്പ് കൂടാനും ഉത്കണ്‌ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുകയും ചെയ്തേക്കാം.
ദഹന പ്രശ്‌നങ്ങൾ
അമിതമായി കാപ്പി കുടിക്കുന്നത് ആസിഡ് റിഫ്ലക്‌സ്, നെഞ്ചെരിച്ചിൽ, വയറ്റിലെ പ്രകോപനം തുടങ്ങിയ ദഹന സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കും.
ഉയർന്ന രക്തസമ്മർദ്ദം
ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ വർധിപ്പിക്കാൻ കാരണമാകുന്ന ഒന്നാണ് കഫീൻ. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമർദ്ദമോ ഉള്ളവർ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സങ്കീർണത കുറയ്ക്കാൻ ഇത് സഹായിക്കും.
എല്ലുകളെ ദുർബലപ്പെടുത്തും
കാപ്പിയിൽ കഫീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇതിന്‍റെ അമിത ഉപയോഗം എല്ലുകളെ ബാധിക്കും. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമായ കാത്സ്യത്തിന്‍റെ ആഗിരണം കുറയ്ക്കാൻ ഇത് കാരണമാകും. ഇതുമൂലം എല്ലുളുടെ ശക്തി നഷ്‌ടപ്പെട്ട് ദുർബലമാകാൻ ഇടയാക്കും.
നിർജ്ജലീകരണം
കഫീൻ മൂത്രത്തിന്‍റെ ഉത്പാദനം വർധിപ്പിക്കും. അതിനാൽ കാപ്പി കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാനും നിജ്ജലീകരണത്തിന് കാരണമാകുകയും ചെയ്തേക്കാം. പ്രത്യേകിച്ച് ശരീരത്തിൽ ആവശ്യമായ അളവിൽ ജലാംശം ഇല്ലാത്ത അവസ്ഥയിൽ കാപ്പിയുടെ ഉപയോഗം ദോഷം ചെയ്യും.
ഹൃദയമിടിപ്പ്
ചില വ്യക്തികളിൽ കാപ്പിയുടെ അമിത ഉപയോഗം ഹൃദയമിടിപ്പിന്‍റെ താളം തെറ്റിക്കാൻ ഇടയാക്കും. ക്രമരഹിതമായതോ വേഗത്തിലുള്ളതോ ആയ ഹൃദയമിടിപ്പിന് ഇത് കാരണമാകും.
കൊളസ്ട്രോളിൻ്റെ അളവ്
ഫിൽട്ടർ ചെയ്യാതെ തയ്യാറാക്കിയ കാപ്പിയിൽ ഉയർന്ന അളവിലുള്ള ഡിറ്റെർപെൻസ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ അളവ് വർധിപ്പിക്കും. ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാനും ഇത് കാരണമാകും.
ഗർഭം അലസാനുള്ള സാധ്യത
കഫീൻ അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഗർഭം അലസനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ബിഎംജെയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. മാസം തികയാതെയുള്ള ജനനത്തിനും ഇത് കാരണമായേക്കും. കൂടാതെ കുഞ്ഞിന്‍റെ ഭാരത്തെയും ഇത് ബാധിക്കും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി