വൈകല്യങ്ങളെ മറികടന്ന് സിനിമയൊരുക്കി ലോകത്തിന് തന്നെ മാതൃകയായ രാഗേഷ് കൃഷ്‌ണന്‍. വയസ്സ് 35. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളം. ലക്ഷ്യം സിനിമ. അതിനായി കാത്തിരുന്നതോ 12 വര്‍ഷങ്ങള്‍..
ഈ അടുത്തിടെയാണ് രാഗേഷ് കൃഷ്‌ണന്‍ എന്ന പേര് ലോകം ചര്‍ച്ച ചെയ്യുന്നത്. 'കളം@24' സംവിധായകനായ രാഗേഷ്, അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'യ്‌ക്ക് വിജയാംശകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 'മാര്‍ക്കോ'യുടെ നിര്‍മ്മാതാവ് ഷെരീഫ് തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം നല്‍കിയ സാമ്പത്തിക, സഹായ സഹകരണങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തി കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്‌റ്റ്. രാഗേഷിന്‍റെ ഈ പോസ്‌റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇതിന്‍റെ പിന്നാലെ പലരും ഗൂഗിളില്‍ തിരയുന്നത് രാഗേഷ് കൃഷ്‌ണന്‍ എന്ന പേരാണ്.
ആരാണ് രാഗേഷ് കൃഷ്‌ണന്‍?
ആരാണ് ഇയാള്‍? ഗൂഗിളില്‍ തിരഞ്ഞവര്‍ക്കും രാഗേഷ് കൃഷ്‌ണനെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ സാധിച്ചില്ല. ഗൂഗിളില്‍ ഇല്ലെങ്കില്‍ എന്താ ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും സജീവമാണ് രാഗേഷ്. രാഗേഷ് ആരാണെന്നും എന്താണെന്നും അറിയാന്‍ ഇതില്‍ കൂടുല്‍ ഒന്നിന്‍റെയും ആവശ്യമില്ല. പന്തളം കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്‌ണ കുറുപ്പിന്‍റെയും പന്തളം മുന്‍ ഗ്രാമ പഞ്ചായത്തംഗം രമ ആര്‍ കുറുപ്പിന്‍റെയും മകനാണ് രാഗേഷ് കൃഷ്‌ണന്‍.
ജന്‍മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതന്‍. കേള്‍വി കുറവ്, സംസാരിക്കാനുള്ള പ്രയാസം എന്നിവ മാത്രമല്ല നടക്കാനുള്ള ബുദ്ധിമുട്ടുമുണ്ട് ഈ ചെറുപ്പക്കാരന്. എന്നാല്‍ തന്‍റെ വൈകല്യത്തോട് പടപൊരുതാന്‍ തന്നെ രാഗേഷ് തീരുമാനിച്ചു. ചരിത്രത്തില്‍ ബിരുദം.. കംപ്യൂട്ടര്‍ ഡിപ്ലോമയും.. പഠിക്കുമ്പോള്‍ തന്നെ ചെറുകഥകള്‍ എഴുതി.. ആല്‍ബങ്ങളും ചെറു സിനിമകളും ഒരുക്കി.. ഒടുവില്‍ സിനിമയും..
കഴിവ് തെളിയിച്ച കളം@24
2024 നവംബര്‍ 29ന് തിയേറ്ററുകളില്‍ റിലീസായ 'കളം@24' എന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്‌ത് ഈ ലോകത്തിന് മുന്നില്‍ സ്വന്തം കഴിവ് തെളിയിച്ചിരിക്കുകയാണ് 35 കാരനായ ഈ ചെറുപ്പക്കാരന്‍. സിനിമയിലെ അഭിനേതാക്കള്‍ മുതല്‍, സംഗീതം, എഡിറ്റിംഗ് തുടങ്ങി അണിയറപ്രവര്‍ത്തകരെല്ലാം പുതിയ ആളുകളാണ് എന്നതും കളം@24 ന്‍റെ പ്രത്യേകതയാണ്.
'കളം@24' റിലീസിനോടനുബന്ധിച്ച് രാഗേഷിനും സിനിമയ്‌ക്കും പിന്തുണ അറിയിച്ച് യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തിയത് മാധ്യമശ്രദ്ധ നേടിയിരുന്നു. മന്ത്രിയുടെ പിന്തുണ മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും രാഗേഷ് കൃഷ്‌ണന്‍ എന്ന ചെറുപ്പക്കാരനെ തേടി അധികമാരും പോയില്ല. ഈ ചെറുപ്പക്കാരന്‍ പിന്നിട്ട സഹനവഴികളും ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വന്നപ്പോള്‍ ബസ് സ്‌റ്റാന്‍കില്‍ ഷര്‍ട്ട് ഊരി പിച്ച എടുത്ത കാര്യവും മന്ത്രി തന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ പങ്കുവച്ചിരുന്നു.
പ്രചോദനമേകിയത് മമ്മൂട്ടി ചിത്രം
കുട്ടിക്കാലം മുതല്‍ മോഹം സിനിമയോട്. കുട്ടിക്കാലത്ത് കണ്ട മമ്മൂട്ടി ചിത്രം ജോണി വാക്കറാണ് രാഗേഷിന് പ്രചോദനമേകിയ സിനിമ. അന്ന് മുതല്‍ മനസ്സില്‍ ഒരേയൊരു ആഗ്രഹം മാത്രം. സ്വന്തമായി ഒരു സിനിമ ചെയ്യണം.. 12 വര്‍ഷങ്ങളായുള്ള ആഗ്രഹം.. ആഗ്രഹങ്ങള്‍ സാഹചര്യങ്ങള്‍ക്ക് വെല്ലുവിളിയായി.. സാഹചര്യങ്ങള്‍ വിലങ്ങുതടിയായപ്പോള്‍ സിനിമ എന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കാനായില്ല ഈ ചെറുപ്പക്കാരന്.
എന്നാല്‍ അവിടെയൊന്നും ഈ ചെറുപ്പക്കാരന്‍ തളര്‍ന്നില്ല.. തോറ്റുകൊടുക്കാനും തയ്യാറായില്ല. ലക്ഷ്യത്തിലേയ്‌ക്കുള്ള തന്‍റെ യാത്രയില്‍ പ്രതിസന്ധികളും, പരിഹാസങ്ങളും, കളിയാക്കലുകളും നേരിട്ടു. ഇതൊന്നും കേട്ട് മനസ്സ് തളര്‍ന്ന് മുറിയ്‌ക്കുള്ളില്‍ അടങ്ങി ഇരിക്കാന്‍ തയ്യാറായില്ല ഈ ചെറുപ്പക്കാരന്‍. ഒടുവില്‍ രാഗേഷ് ആ ഉറച്ച തീരുമാനം എടുത്തു. എന്തൊക്കെ സംഭവിച്ചാലും സിനിമ ചെയ്യുമെന്ന്..
ആ സിനിമയാണ് കളം@24. യഥാര്‍ത്ഥ ജീവിത സംഭവങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ചിത്രം 2024 നവംബറിലാണ് തിയേറ്ററുകളില്‍ എത്തിയത്. ഇപ്പോള്‍ ഒടിടിയിലും റിലീസിന് പ്ലാന്‍ ചെയ്‌തിരിക്കുകയാണ്. അതേസമയം ഒടിടി റിലീസ് വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.
ക്യാമറ ഉള്‍പ്പെടെ ലോണില്‍
രാഗേഷ് എങ്ങനെയാണ് ഈ സിനിമ ഒരുക്കിയത് എന്നറിഞ്ഞാല്‍ ഒരുപക്ഷേ ഇത് വായിക്കുന്നവരും ഈ ചെറുപ്പക്കാരന് സല്യൂട്ട് അടിച്ച് പോകും. ഈ സിനിമയുടെ പിന്നാമ്പുറ കഥകള്‍ ചോദിച്ചാല്‍ ഒരുപാടുണ്ടാകും രാഗേഷിന് പറയാന്‍. സിനിമയുടെ ചിത്രീകരണത്തിനായി ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ രാഗേഷ് ലോണ്‍ എടുത്തിരുന്നു.
അങ്ങനെ ലോണ്‍ എടുത്തും മറ്റും സിനിമയുടെ ആദ്യ ഘട്ടത്തിനായുള്ള ഷൂട്ടിംഗ് സാധനങ്ങള്‍ സംഘടിപ്പിച്ചു. അതുകഴിഞ്ഞ് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്‌തു. പിന്നെ മുന്നിലുള്ള കടമ്പ സിനിമ നിര്‍മ്മാണം ആയിരുന്നു. ആ സാഹചാര്യത്തിലാണ് രാഗേഷിന് ആശ്വാസമായി സിഎംകെ പ്രൊഡക്ഷന്‍സ് എന്ന കമ്പനി മുന്നിലെത്തുന്നത്. അങ്ങനെ നിര്‍മ്മാണം എന്ന കടമ്പയും കടന്നു.
എല്ലാ കടമ്പകളും കടന്ന രാഗേഷിന്‍റെ ആത്‌മ വിശ്വാസം കൂടി. തനിക്കീ ചിത്രം ചെയ്യാമെന്ന വിശ്വാസം വര്‍ദ്ധിച്ചു. അതിന് കാരണം, രാഗേഷ് മുമ്പ് ചെയ്‌തിട്ടുള്ള ആല്‍ബങ്ങളും മറ്റുമാണ്. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്‍റെ അനുഭവ സമ്പത്തും. കൂടാതെ സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. അതായിരുന്നു ഈ ചെറുപ്പക്കാരന് സിനിമ ചെയ്യാനാകുമെന്ന വിശ്വാസം കൂടാന്‍ കാരണമായതും.
12 വര്‍ഷത്തെ കാത്തിരിപ്പ്
രാഗേഷിന്‍റെ നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ് ഒരു വെള്ളിയാഴ്‌ച്ചയ്‌ക്ക് വേണ്ടിയായിരുന്നു. അങ്ങനെ ഒടുവില്‍ ആ വെള്ളിയാഴ്‌ച്ച സാധ്യമായി. തന്‍റെ ചിരക്കാല സ്വപ്‌നം സഫലമായെങ്കിലും ആ സ്വപ്‌നം സഫലമാക്കുന്നതിനായി രാഗേഷിന്‍റെ മുന്നിലുണ്ടായിരുന്നത് മുള്ളുകള്‍ നിറഞ്ഞ പാതയായിരുന്നു. തന്‍റെ കഴിവില്‍ സംശയിച്ചവര്‍ക്കും, പരിഹസിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും ഉള്ള ചുട്ട മറുപടിയാണ് കളം@24.