പത്തനംതിട്ട: പന്തളം പറന്തൽ ഭാഗത്ത് മലയിലുണ്ടായ വൻ തീപ്പിടുത്തം പൂർണ്ണമായും അണച്ചത് 11 മണിക്കൂറുകൾക്ക് ശേഷം. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് പന്തളം പറന്തൽ പുന്നകുന്ന് മലയിൽ (കണ്ടാളന്തറ മല) വൻ തീപ്പിടുത്തമുണ്ടായത്. ശനിയാഴ്‌ച പുലർച്ചെ 5.20 ഓടെയാണ് തീ പൂർണ്ണമായും അണച്ചത്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് 32 ഏക്കാറോളം വരുന്ന മല. തീപ്പിടുത്തം അറിഞ്ഞയുടൻ അടൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷ പ്രവർത്തനം ആരംഭിച്ചിരുന്നു. സേനയും നാട്ടുകാരും ചേർന്ന് തീയണയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. സേനയുടെ വാഹനങ്ങൾക്ക് മലയിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് ചെങ്ങന്നൂർ, മാവേലിക്കര അഗ്നി രക്ഷ സേനയുടെ സഹായവും തേടി.
മലയുടെ താഴെ ജനവാസ മേഖലകളുണ്ടെന്നത് പരിഭ്രാന്തി പരത്തിയിരുന്നു. തീ കൂടുതൽ ഭാഗത്തേക്ക് വ്യാപിക്കാതെ തീ അടിച്ചുക്കെടുത്താനാണ് സേനയും നാട്ടുകാരും ചേർന്ന് ശ്രമം നടത്തിയത്. വിവരമറിഞ്ഞ് ഇന്നലെ രാത്രി തന്നെ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്‌ണൻ എന്നിവർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളം എത്തിക്കാൻ കഴിയുന്ന ഭാഗത്ത് വെള്ളം പമ്പ് ചെയ്‌തും അതിന് കഴിയാത്ത സ്ഥലങ്ങളിൽ നാട്ടുകാരുടെ കൂടി സഹായത്തോടെ ഫയർ ബീറ്ററും, പച്ചിലക്കമ്പുകളും മറ്റും ഉപയോഗിച്ച് തീ അടിച്ചു കെടുത്തിയും ആണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. വീടുകളിലേക്ക് തീ പടരാൻ ഉള്ള എല്ലാ സാധ്യതയും ഒഴിവാക്കിയാണ് ഫയർ ഫോഴ്‌സ് സംഘം മടങ്ങിയത്.
നാല് ഫയർ യൂണിറ്റുകളും നാട്ടുകാരും രാത്രി മുഴുവൻ മണിക്കൂറുകൾ നടത്തിയ പരിശ്രമത്തിനോടുവിൽ ഇന്ന് (ശനി ) പുലർച്ചെ 5.20 ഓടെയാണ് തീ പൂർണ്ണമായും അണച്ചത്. അടൂരിൽ നിന്ന് രണ്ടും, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് ഒന്നും വീതവുമായി മൊത്തം നാല് ഫയർ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിരുന്നത്.