കോഴിക്കോട്: കേരളത്തില്‍ വാഹനം രജിസ്‌റ്റര്‍ ചെയ്യുന്നതിന് സ്ഥിര മേല്‍വിലാസം നിര്‍ബന്ധമാകുന്ന ചട്ടം എടുത്തു കളഞ്ഞുള്ള മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഉത്തരവ് ഇനിയും നടപ്പിലായിട്ടില്ല. കേരളത്തിലെ ഏത് ആർടിഒയിലും ഇനി വാഹനം രജിസ്റ്റർ ചെയ്യാമെന്ന് കാട്ടി ഗതാഗത കമ്മിഷണർ നാഗരാജുവാണ് 2024 ഡിസംബറിൽ ഉത്തരവിറക്കിയത്. വാഹന ഉടമയുടെ സ്ഥിരം മേൽവിലാസമുള്ള സ്ഥലത്തെ ആർടിഒയിൽ മാത്രം വാഹന രജിസ്ട്രേഷൻ പാടുള്ളുവെന്ന ചട്ടം ഒഴിവാക്കാനുള്ള ഹൈക്കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണറുടെ ഉത്തരവിറക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അധികാര പരിധി ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ റീജണൽ ട്രാൻസ്പോർട്ട് ഓഫിസർ വാഹന രജിസ്ട്രേഷൻ അനുമതി നൽകാത്ത സംഭവത്തിലായിരുന്നു കോടതിയുടെ ഇടപെടൽ. മോട്ടോർ വാഹന ഭേദഗതി ചട്ടത്തിന് വിരുദ്ധമാണ് നടപടിയെന്ന് തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശിയുടെ ഹർജിയിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം പള്ളിച്ചലിൽ നിന്ന് വാങ്ങിയ വാഹനം ആറ്റിങ്ങൽ രജിസ്റ്റർ ചെയ്യണമെന്ന ഉടമസ്ഥൻ്റെ ആവശ്യമായിരുന്നു ആർടിഒ തള്ളിയത്.
ഇയാൾ കഴക്കൂട്ടം സ്വദേശിയാണെന്നും കഴക്കൂട്ടം ആർടിഒയിൽ വാഹനം രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു നിർദേശം. രജിസ്ട്രേഷൻ ആറ്റിങ്ങലിൽ തന്നെ നടത്താൻ ഹൈക്കോടതി നിർദേശിച്ചത് അനുസരിച്ച് അത് ഉത്തരവ് പോലെ നടന്നു. എന്നാൽ ഇതിനകത്തെ സങ്കേതിക പ്രശ്‌നങ്ങൾ കാരണം ഉത്തരവ് നടപ്പിലായില്ലെന്ന് എസ്ആർടിഒ ബാലു പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, അധികാര പരിധി ചൂണ്ടിക്കാട്ടി ആർടിഒമാർക്ക് വാഹന രജിസ്ട്രേഷൻ തള്ളാനാകില്ലെന്ന് കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നായിരുന്നു ഗതാഗത കമ്മിഷണർ വ്യക്തമാക്കിയിരുന്നത്.
അതേസമയം ട്രാൻസ്പോർട്ട് ഓഫിസുകളിലെ ജോലി ഭാരം കുറയ്ക്കാൻ ഫയലുകൾ വീതിച്ച് നൽകാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ഫയലുകൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ച് പഠിച്ച വിദഗ്‌ധ സമിതിയുടെ നിർദേശമനുസരിച്ചാണിത്. ഒരു ഉദ്യോസ്ഥൻ്റെ കീഴിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഒരു ഫയലും ഉണ്ടാവരുതെന്നത് കർശനമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ജോലി വിഭജനം നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.
എത്രയും വേഗം പരിഷ്‌കാരം നടപ്പിലാക്കി മാർച്ച് 31നകം ഫയലുകൾ കെട്ടിക്കിടക്കുന്ന വിഷയം പൂർണമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സോഫ്റ്റ്‌വെയർ ജോലി വിഭജിക്കുന്നതോടെ കേരളത്തിലെ എല്ലാ ആർടി ഓഫിസുകളിലെയും ക്ലെറിക്കൽ സ്റ്റാഫുകൾക്ക് ജോലി തുല്യമാകും. ഇതിലൂടെ അഴിമതി കുറയ്ക്കാനാകും എന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.
Also Read: കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കൂട്ടി; കാസർകോട്-മംഗളൂരു യാത്രയ്ക്ക് ചെലവ് കൂടും