ന്യൂഡൽഹി: 65 ലക്ഷത്തോളം സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനും ഈ കാർഡുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പദ്ധതികളുടെ വായ്‌പകളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനും ഈ കാർഡ് സഹായിക്കുന്നതായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറാം, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു & കശ്‌മീർ, ലഡാക്ക് എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ ഗുണഭോക്താക്കൾക്ക് ഈ പ്രോപ്പർട്ടി കാർഡുകളുടെ ആനുകൂല്യം ലഭിക്കുന്നതായിരിക്കും.
"65 ലക്ഷം സ്വമിത്വ പ്രോപ്പർട്ടി കാർഡുകൾ കൂടി ഇന്ന് വിതരണം ചെയ്‌തു. ഇതോടുകൂടി 2.24 കോടി ഗുണഭോക്താക്കൾ ഉണ്ടായിരിക്കും. സ്വത്തവകാശം ലോകമെമ്പാടും ഒരു വലിയ വെല്ലുവിളിയായിട്ടുള്ള കാര്യമാണ്. വർഷങ്ങൾക്ക് മുമ്പ്, ഐക്യരാഷ്ട്രസഭ ഈ വിഷയത്തിൽ ഒരു പഠനം നടത്തി. പല രാജ്യങ്ങളിലും സ്വത്തവകാശത്തിന് ആളുകളുടെ കയ്യിൽ നിയമപരമായ രേഖകൾ ഇല്ലെന്ന് കണ്ടെത്തി. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിന് സ്വത്തവകാശം പ്രധാനമാണെന്ന് യുഎൻ പറഞ്ഞു "
"ഗ്രാമങ്ങളിലുള്ള സ്വത്ത് ഒരു മൃത മൂലധനം (ഡെഡ് ക്യാപിറ്റൽ) ആണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ആളുകൾക്ക് അതും കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. അത് പോലെ അവരുടെ വരുമാനം വർധിപ്പിക്കാനും കഴിയില്ല. ഇന്ത്യയും ഈ വെല്ലുവിളി നേരിടേണ്ടി വന്നു. ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കോടികളുടെ സ്വത്തുണ്ടെങ്കിലും അതിനുള്ള കടലാസുകളില്ല. ഇതിൻ്റെ ഭാഗമായി തർക്കങ്ങൾ ഉണ്ടാകുന്നു. മറ്റുള്ളവർ സ്വത്തുക്കൾ തട്ടിയെടുക്കുന്നു. പേപ്പറുകളുടെ അഭാവം മൂലം ബാങ്കുകൾ വായ്‌പ പോലും നൽകുന്നില്ല "- പ്രധാനമന്ത്രി പറഞ്ഞു.
മുൻ സർക്കാരുകൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ കാര്യമായൊന്നും ചെയ്‌തില്ലെന്നും അദ്ദേഹം വിമർശിച്ചു. ദലിത്, പിന്നാക്ക, ആദിവാസി വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.
നിയമപരമായ സ്വത്തവകാശം ലഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് ആളുകൾ വായ്‌പ എടുത്തു. അവർ ഈ പണം അവരുടെ ബിസിനസ് ആരംഭിക്കുന്നതിന് ഉപയോഗിച്ചു. ഇവരിൽ പലരും ഇപ്പോൾ കർഷകരാണ്. അവർക്ക് ഈ പ്രോപ്പർട്ടി കാർഡ് സാമ്പത്തിക ഭദ്രതയുടെ ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Also Read: 'യുവാക്കളെ... ബിസിനസിലേക്ക് കടന്നുവരൂ..', സ്റ്റാര്‍ട്ടപ്പ് ഇന്ത്യ മുന്നേറുന്നുവെന്ന് മോദി