മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം മുടി ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും. കൂടാതെ ജലാംശം നിലനിർത്തേണ്ടതും പിരിമുറുക്കം ഒഴിവാക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അതേപോലെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചില ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതും പ്രധാനമാണ്. അത്തരത്തിൽ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, ഗ്ലൈസമിക് സൂചിച്ച കൂടുതലുള്ള ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത് വീക്കം ഉണ്ടാക്കുകയും ആരോഗ്യകരമായ മുടിയുടെ വളർച്ചയെ തടസപ്പെടുത്തുകയും ചെയ്യും. ഇത് മുടികൊഴിച്ചിലിന് കാരണമാകും.
കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്തതും പൊരിച്ചതും ഉൾപ്പെടെ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്ന ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റെറോൺ ഉത്പാദനം വർധിപ്പിക്കും. മാത്രമല്ല ഇവ വീക്കം വർധിപ്പിക്കുകയും തലയോട്ടി, രോമകൂപങ്ങൾ എന്നിവയെ ബാധിക്കുകയും ചെയ്യും.
മദ്യം
അമിതമായ മദ്യപാനം നിർജ്ജലീകരണത്തിന് കാരണമാകും. മുടിയിലെ ഈർപ്പം നഷ്‌ടമാകാൻ ഇത് ഇടയാക്കും. ഇതുമൂലം മുടി വരണ്ടതാകാനും പൊട്ടിപോകാനുമുള്ള സാധ്യത കൂടുതലാണ്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ സിങ്ക്, വിറ്റാമിൻ എ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ആഗിരണം കുറയ്ക്കാനും മദ്യം അമിത ഉപയോഗം കാരണമാകും.
ഉപ്പ്
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും മുടി വരണ്ടതാകാനും പൊട്ടാനും ഇടയാക്കും. അമിത അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം തടസപ്പെടുത്തുകയും മുടിയുടെ വളർച്ച കുറയ്ക്കുകയും ചെയ്യും.
കഫീൻ
മിതമായ അളവിൽ കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ നല്ല ഫലങ്ങൾ നൽകുമെങ്കിലും അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് ദോഷം ചെയ്യും. നിർജ്ജലീകരണം, സമ്മർദ്ദം എന്നിവയിലേക്ക് ഇത് നയിക്കും. ഇവ രണ്ടും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : കൊഴിച്ചിൽ അകറ്റി മുടി പനങ്കുല പോലെ തഴച്ച് വളരാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ...