കോഴിക്കോട്: പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കലിൽ സുബൈദയെ (53) ആണ് മകന്‍ ആഷിക് (25) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിലെ ചോയിയോട് ഉള്ള വീട്ടിൽ വച്ചാണ് സംഭവം.
ബ്രെയിൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ്ഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ. ബാംഗ്ലൂരിലെ ഡി അഡിക്ഷൻ സെൻ്ററിലായിരുന്ന ആഷിക്ക് ഉമ്മയെ കാണാൻ എത്തിയതായിരുന്നു. സമീപത്തെ വീട്ടിൽ നിന്നും തേങ്ങ പൊളിക്കാൻ ഉണ്ടെന്നു പറഞ്ഞ് കത്തി വാങ്ങിയ ശേഷം ആ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകം നടത്തിയ ശേഷം പ്രതി വീടിനുള്ളിൽ തന്നെ ഒളിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് പ്രതിയെ പിടികൂടുന്നതിനായി തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ ആയിരുന്നില്ല.
തുടർന്നാണ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതിനിടയിലാണ് പ്രതിയെ വീട്ടിനുള്ളിലെ മുറിയിൽ നിന്നും കണ്ടെത്തുകയും പിടികൂടുകയും ചെയ്‌തത്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏക മകനാണ് ആഷിക്ക്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Also Read:ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകം: പ്രതി സഞ്‌ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച