തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ഐടിഐകള്‍ സ്ഥാപിക്കാന്‍ സ്ഥാപിക്കാൻ കേരള സംസ്ഥാന മന്ത്രിസഭ തീരുമാനം. സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ സ്ഥാപിക്കാനാണ് ഇന്നത്തെ (11/09/2024) മന്ത്രിസഭ യോഗം അനുമതി നൽകിയത്. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂർ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂർ മണ്ഡലത്തിലെ എടപ്പാൾ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.
ഗവ. ഐടിഎകളും കോഴ്‌സുകളും
ഗവ. ഐ.ടി.ഐ നാഗലശ്ശേരി
- അഡിറ്റിവ് മാനുഫാക്‌ടറിങ് ടെക്‌നീഷ്യൻ (3D പ്രിന്‍റിങ്)
- കമ്പ്യൂട്ടർ എയ്‌ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ്
- ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ
- ഇൻഫർമേഷൻ ടെക്നോളജി
ഗവ. ഐ.ടി.ഐ എടപ്പാൾ
- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്
- ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
- മെക്കാനിക് മോട്ടോർ വെഹിക്കിൾ
- സോളാർ ടെക്‌നീഷ്യൻ (ഇലക്ട്രിക്കൽ)
ഗവ. ഐ.ടി.ഐ പീച്ചി
- ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി
- ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ
- ഇലക്ട്രീഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ
- മെക്കാനിക് മോട്ടോർ വെഹിക്കിൾ
ഗവ. ഐ.ടി.ഐ ചാല
- അഡിറ്റിവ് മാനുഫാക്‌ചറിങ് ടെക്‌നീഷ്യൻ (3D പ്രിന്റിങ്)
- ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്‌ചറിങ് ടെക്‌നീഷ്യൻ
- മറൈൻ ഫിറ്റർ
- മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്‌ട്‌സ്
- വെൽഡർ (ആറ്റിങ്ങൽ ഐടിഐയിൽ നിന്നും രണ്ട് യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)
നാല് ഐടിഐകളിലെ 60 സ്ഥിരം തസ്‌തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ പുനിര്‍വിന്യാസത്തിലൂടെയും പുനക്രമീകരണത്തിലൂടെയുമായിരിക്കും നടപ്പാക്കുക. മൂന്ന് ക്ലര്‍ക്ക്‌മാരുടെ സ്ഥിരം തസ്‌തികകള്‍ പുതുതായി സൃഷ്‌ടിക്കും. നാല് വാച്ച്മാന്‍മാരെയും നാല് കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
പട്ടികവർഗക്കാർക്ക് ഓണസമ്മാനം
സംസ്ഥാനത്തെ 60 വയസിന് മുകളിൽ പ്രായമുള്ള 55,506 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നൽകാനും മന്ത്രിസഭ തീരുമാനമായി. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.
പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതി
എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കി. കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാൽ, പരുത്തേലി പ്രദേശങ്ങളിൽ പ്രളയ - വെള്ളക്കെട്ട് സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്. കളമശ്ശേരി സഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കൊച്ചി സർവകലാശാല തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. പൊട്ടച്ചാൽ തോടിൻ്റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.
വർഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മാപ്പിങ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്‌സ് കൽവർട്ട് ഉപയോഗിച്ച് വീതികൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവൻ സുഗമമായി ഒഴുകിപ്പോകാൻ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകൽപന. കൽവർട്ടും പുനസ്ഥാപിക്കും.
ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍
ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ രൂപീകരിക്കാന്‍ തിരുമാനിച്ചു. മുന്‍ പ്ലാനിങ് ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്‍റെ ചെയര്‍മാനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറിയും കമ്മിഷന്‍ അംഗങ്ങളാകും. രണ്ട് വര്‍ഷത്തെ കാലാവധിയാണ് കമ്മിഷനുള്ളത്.
പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും ധനസ്ഥിതി അവലോകനം ചെയ്‌ത് കമ്മിഷന്‍ ശുപാര്‍ശ സമര്‍പ്പിക്കും. പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും നല്‍കാവുന്ന വിവിധതരം നികുതി, തീരുവ, ചുങ്കം, ഫീസ് എന്നിവ നിര്‍ണയിക്കും. പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.