തിരുവനന്തപുരം:കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ നവ്യാ ഹരിദാസ് എത്തും. നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് സി കൃഷ്‌ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്‌ണനും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടത്.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് നഗരസഭയിലെ കാരപറമ്പ് വാർഡ് കൗൺസിലറായ നവ്യ ഹരിദാസ് ആദ്യമായാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായിരുന്നു. കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണ കൗൺസിലറായ നവ്യ ഹരിദാസ്, കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവ് കൂടിയാണ്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി പാലക്കാട് ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച കൃഷ്‌ണകുമാറിനെ വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഇത്തവണ ഇറക്കുന്നത്. ഇവിടെ ശോഭ സുരേന്ദ്രന്‍റെയും കെ സുരേന്ദ്രന്‍റെയും പേരുകൾ ചർച്ചയായെങ്കിലും പാലക്കാട് സ്വദേശിയായ കൃഷ്‌ണകുമാറിനെ ഗോദയിലിറക്കാമെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുകയായിരുന്നു.
1984 -ല്‍ ആര്‍എസ്എസ് ശാഖയിലൂടെ എബിവിപി പ്രവര്‍ത്തനത്തിലെത്തിയ കൃഷ്‌ണകുമാർ എബിവിപി വിക്ടോറിയ കോളേജ് യൂണിറ്റ് സെക്രട്ടറി, പാലക്കാട് നഗര പരിഷത്ത് കണ്‍വീനര്‍, ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്‍റ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ് , ബിജെപി സംസ്ഥാന സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2000 ല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചേലക്കരയില്‍ കെ ബാലകൃഷ്‌ണനും ബിജെപി ടിക്കറ്റിൽ മത്സര രംഗത്തുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക