ഇടുക്കി :ഇടുക്കി ജില്ലയിലെ കാര്‍ഷിക - ടൂറിസം മേഖലയ്ക്ക് നല്ല നിലയിലുള്ള പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ (Development Of Idukki). കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റില്‍ തുക വകകൊള്ളിച്ചിരിക്കുന്നത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൂറിസം രംഗത്ത് ജില്ലയ്ക്ക് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്.
ഇടുക്കി ഡാമിന്‍റെ പ്രതലത്തില്‍ ലേസര്‍ ഷോ അടക്കമുള്ള ഇടുക്കി ഡാം ടൂറിസം പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് 5 കോടി രൂപയാണ്. ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുവഴി കേരളത്തിലെ ടൂറിസത്തിന്‍റെ ഹബ് ആയി ഇടുക്കി മാറുമെന്നും മന്ത്രി സൂചിപ്പിച്ചു.
ടൂറിസം രംഗം വളരുന്നതോടെ വ്യാപാര വാണിജ്യ മേഖലകളില്‍ വലിയ വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ചെറുതോണി കെഎസ്ആര്‍ടിസി സബ് ഡിപ്പോയ്ക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ അനുവദിച്ചത് ജില്ല ആസ്ഥാനത്തെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് ഏറെ പ്രയോജനകരമാകും. എടുത്ത് പറയേണ്ട മറ്റൊരു പ്രഖ്യാപനം ഇടുക്കി എയര്‍ സ്ട്രിപ്പാണ്. ഇതിനായി 1.96 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.