പുത്തിലോട്ട് സ്വദേശി വിജയന്‍ (ETV Bharat) കാസർകോട്: വയസൊന്നും വിജയന് ഒരു പ്രശ്‌നമല്ല. മനസിൽ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ എന്ത് ത്യാഗം സഹിക്കാനും ഈ കർഷകൻ തയ്യാറാണ്. അങ്ങനെ സ്വന്തമാക്കിയതാണ് ഒരു കുതിരയും കുതിര വണ്ടിയും. ചെറുവത്തൂർ പുത്തിലോട്ട് സ്വദേശി വിജയനും കുതിരവണ്ടിയും ഇപ്പോൾ നാട്ടിൽ താരമാണ്. ഒരു വർഷം മുമ്പാണ് ഒരു കുതിരയെ വാങ്ങണമെന്ന് വിജയന്‍റെ മനസ്സിൽ തോന്നിയത്.
അറുപത്തി അഞ്ചാം വയസിൽ കുതിര പ്രേമവും കൊണ്ട് വന്നാൽ വീട്ടുകാരും നാട്ടുകാരും കളിയാക്കുമെന്ന് വിജയന് നന്നായി അറിയാം. അങ്ങനെ ആരോടും പറയാതെ കുതിരയെ വാങ്ങാനുള്ള പണം സ്വരൂപിച്ചു വെക്കാൻ തുടങ്ങി. പണം റെഡിയായപ്പോൾ വാഹനം വാങ്ങാനെന്ന് വീട്ടുകാരോട് പറഞ്ഞ് നേരെ പാലക്കാടേക്ക് വിട്ടു.
പിറ്റേന്ന് നേരം പുലർന്നപ്പോഴേക്കും വീട്ടു മുറ്റത്ത് കിടക്കുന്ന കുതിരയെ കണ്ട് വീട്ടുകാരും ഞെട്ടി. കുതിരപ്പുറത്ത് കയറി എളുപ്പത്തിൽ സവാരി നടത്താൻ കഴിയില്ലെന്ന് മനസിലായതോടെ യുട്യൂബ് നോക്കി കുതിര സവാരിയും വിജയൻ പഠിച്ചു. അങ്ങനെ കുതിരപ്പുറത്തായി പിന്നീട് വിജയന്‍റെ യാത്ര.
കുതിരക്ക് ഒരു പേരുമിട്ടു. സൂപ്പർസ്റ്റാർ ചിത്രത്തിന്‍റെ പേര് 'കബാലി'. നാട്ടിൽ കുതിര എത്തിയതോടെ നിരവധിപ്പേരാണ് കാണാൻ എത്തിയത്. അവർക്കും കുതിരപ്പുറത്ത് കയറണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ വിജയന് വിഷമമായി. ഇതോടെ കുതിര വണ്ടി നിർമിക്കാം എന്ന ആശയം മനസിൽ വന്നു.
പക്ഷെ വിജയനെ സംബന്ധിച്ച് അതൊരു വെല്ലുവിളിയായിരുന്നു. വെൽഡിങ് അറിയാതെ നിർമ്മിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ വിജയൻ വെൽഡിങ് പഠിച്ചെടുത്ത് സാമഗ്രികളൊക്കെ സ്വരൂപിച്ച് സ്വന്തമായി കുതിര വണ്ടിയും നിർമിച്ചു. വണ്ടി ഓടിക്കുന്ന വിജയന് പുറമെ രണ്ട് പേർക്ക് കൂടി ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. നാട്ടുകാരെയും വീട്ടുകാരെയും കൂട്ടി കുതിര സവാരി നടത്തലാണ് വിജയന്‍റെ ഇപ്പോഴത്തെ പ്രധാന പണി.
'എടാ... പോകാം' എന്നു പറഞ്ഞാൽ കബാലിയും കുതിക്കും. വിവാഹാഘോഷങ്ങൾക്ക് വധൂവരന്മാർക്ക് സഞ്ചരിക്കാവുന്ന രീതിയിൽ കുതിരവണ്ടി മോടിപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയൻ. സവാരിക്കായി അടുത്തുള്ള ബീച്ചിലേക്ക് വിളിച്ചെങ്കിലും വിജയൻ സമ്മതം മൂളിയിട്ടില്ല. ആട് വളർത്തലാണ് വിജയന്‍റെ പ്രധാന വരുമാന മാർഗം. പിന്നെ പച്ചക്കറിയും ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമുണ്ട്.
Also Read :കുടകിനെ കാക്കുന്ന കൈമടകളും ബോളൂക്കയും; കാരണവന്‍മാരുടെ ഓര്‍മയ്‌ക്കായുള്ള സവിശേഷ ആചാരങ്ങൾ - North Kerala And Kodagu Ritual Arts