തിരുവനന്തപുരം:കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു ജില്ല നേതാവിന് മർദനമേറ്റ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്‌പോര്. കോവളം എംഎൽഎ എം വിൻസെന്‍റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ ഇടിമുറിയിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല എസ്എഫ്ഐയെന്ന് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു. കെഎസ്‌യു എങ്ങനെയാണ് ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്ന് പരിശോധിക്കണം.
നിങ്ങളുടെ അതിക്രമങ്ങൾ അതിജീവിച്ചാണ് എസ്‌എഫ്‌ഐ ഇന്നത്തെ നിലയിൽ എത്തിയത്. നിറഞ്ഞു നിൽക്കുന്ന പ്രസ്ഥാനമാകുമ്പോൾ നടക്കാൻ പാടില്ലാത്തത് നടന്നാൽ അതിനെ ന്യായീകരിക്കില്ല. തെറ്റായ കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്.
വലിയ അനുഭവ സമ്പത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എസ്‌എഫ്‌ഐ. എല്ലാവരും വിദ്യാർഥി ജീവിതത്തിലൂടെ കടന്നുവന്നിട്ടുണ്ട്. ക്യാമ്പസുകളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ സങ്കുചിത രാഷ്ട്രീയ മാനം കണ്ട് ഒരു വിദ്യാർഥി സംഘടനയെ മാത്രം താറടിച്ച് കാണിക്കുന്നത് ശരിയല്ല. കേരളത്തിലെ സർവകലാശാലകൾ മുൻ നിരയിൽ നില്‍ക്കുന്നവയാണ്. ഇത് തമസ്‌കരിച്ചാണ് ക്യാമ്പസുകളിൽ ഗുണ്ട വിളയാട്ടമെന്ന് പ്രചരിപ്പിക്കുന്നത്.
ക്യാമ്പസിലെ സംഘർഷങ്ങൾ അനഭിലഷണീയം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനാന്തരീക്ഷം നിലനിർത്തേണ്ടത് അത്യാവശ്യം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്താൻ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എസ്‌എഫ്‌ഐ നില്‍ക്കുന്നത് പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലല്ല ഇടിമുറിയുടെ ഭീതിയിലാണെന്ന് വാക്ക് ഔട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. യൂണിറ്റ് ഉണ്ടാക്കാൻ നീ ആരെടാ എന്ന് ചോദിച്ചായിരുന്നു സാൻ ജോസിന് മർദനം. എസ്‌എഫ്‌ഐ കേരളത്തിന് ബാധ്യതയാണ്.
നിങ്ങൾ ഏത് ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് നിങ്ങൾ മഹാരാജാവല്ല കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും വിമർശനമുയർത്തി. മുഖ്യമന്ത്രിയുടെ ഇന്നത്തെ നിയമസഭ പ്രസംഗം ക്യാമ്പസുകളിൽ ആക്രമികൾക്ക് അഴിഞ്ഞാടാനുള്ള രക്ഷകർതൃത്വം. ആരെയും വേട്ടയാടാൻ, ആരെയും തല്ലിക്കൊല്ലാൻ മുഖ്യമന്ത്രി തന്നെ ലൈസൻസ് നല്‍കുന്നു. ഇരുണ്ട മുറിയിൽ കൊണ്ടു പോയി വിദ്യാർഥി നേതാവിനെ ക്രൂരമായി മർദിക്കുന്നു.
കേരളത്തിൽ ഇങ്ങനെയൊരു സംഭവം ആവർത്തിക്കില്ലയെന്ന് കരുതിയപ്പോഴാണ് വീണ്ടും ആക്രമണം. മർദനമേറ്റ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആവശ്യപ്പെട്ടാണ് കെഎസ്‌യുക്കാർ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പോകുന്നത്.
നിങ്ങൾ ഇൻകുബേറ്ററിൽ വളർത്തുന്ന ഗുണ്ട സംഘങ്ങൾ നിങ്ങളെയും കൊണ്ടേ പോകു. മുഖ്യമന്ത്രി ന്യായീകരിച്ച എസ്‌എഫ്‌ഐയെ ജനയുഗം ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ എന്നാണ് വിളിച്ചത്. എഐഎസ്‌എഫ് ഉൾപ്പെടെ എതിർ രാഷ്ട്രീയ പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സഭയില്‍ നിരവധി തവണയാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം ബഹളം കാരണം തടസപ്പെട്ടത്. തുടർന്ന് വാക്ക് ഔട്ട് നടത്താൻ പ്രതിപക്ഷ നേതാവിനോട് സ്‌പീക്കർ എ എൻ ഷംസീർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടർന്ന് സഭ നടപടികൾ അവസാനിക്കുന്നത് വരെ പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധവുമായി തുടർന്നു.
Also Read : പകർച്ചവ്യാധി പ്രതിരോധം; സർക്കാരിന് പാളിച്ചയില്ലെന്ന് ആരോഗ്യമന്ത്രി, യോഗം ചേർന്നതിന്‍റെ കണക്ക് വേണ്ടെന്ന് പ്രതിപക്ഷം - KERALA ASSEMBLY OPPOSITION WALK OUT