കാസർകോട്:തൃശൂർ പൂരം കലക്കിയ വിഷയവുമായി ബന്ധപ്പെട്ട് ബോധപൂർവം ശ്രദ്ധ തിരിക്കാനുളള നീക്കമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. എഡിജിപിക്ക് തെറ്റ് പറ്റിയാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കുറ്റം ദേവസ്വത്തിൻ്റെ പേരിൽ കെട്ടിവയ്ക്കണ്ട. സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ശോഭ കെടുത്താനാണ് ശ്രമിക്കുന്നത്. എഡിജിപിയും ഡിജിപിയും തമ്മിലുള്ള തർക്കം ബിജെപിയുടെ തലയില്‍ ഇടണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നട്ടാൽ മുളയ്ക്കാത്ത നുണകളുമായാണ് സിപിഎമ്മും കോൺഗ്രസും വരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്‌ചയില്‍ ഒന്നും മറച്ചുവയ്‌ക്കാനില്ല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മറുപടി പറയേണ്ടത് ആർഎസ്എസ് നേതൃത്വം ആണെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു.