എറണാകുളം :ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുനരന്വേഷണത്തിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ നേതൃത്വം ഈ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരാഗ്നിയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികളുടെ അപ്പീൽ തള്ളിയ കോടതി വിധിയിൽ വലിയ സംതൃപ്തിയുണ്ട്. രണ്ട് പേരെ കൂടി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. കേസിൽ ഇനിയും ആളുകൾ അകത്താകേണ്ടതുണ്ട്. രണ്ട് ജില്ലകളിലെ ക്രിമിനലുകളെ യോജിപ്പിച്ചില്ലെങ്കിൽ അത്തരമൊരു കൊലപാതകം നടക്കില്ലായിരുന്നു. കൊലപാതകം നടത്താനുള്ള അവസാനവാക്ക് പിണറായി വിജയൻ്റേതാകാനാണ് സാധ്യതയെന്നും കെ സുധാകരൻ ആരോപിച്ചു. അന്വേഷണം മുന്നോട്ട് കൊണ്ടുപോയാൽ കേസ് പിണറായി വിജയനിലെത്തുമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
അനുകൂലമായി വിധി നേടാൻ പോയവർക്ക് കിട്ടിയത് ശിക്ഷയാണന്നും കെ സുധാകരൻ പരിഹസിച്ചു. പി മോഹനനെ ഒഴിവാക്കിയത് ശരിവച്ചതാണ് കോടതി വിധിയിലെ ഒരു ന്യൂനത. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് കെ കെ രമ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഇതിന് പിന്തുണ നൽകും. മോഹനൻ മാസ്റ്ററുടെ കാര്യം മാത്രമാണ് സിപിഎം പറയുന്നത്. എന്നാൽ കോടതി ശിക്ഷിച്ച സിപിഎം നേതാക്കളെ കുറിച്ച് എന്താണ് ഒന്നും പറയാത്തതെന്നും കെ സുധാകരൻ ചോദിച്ചു. ടി പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തിന് ശേഷവും അദ്ദേഹത്തെ പിണറായി കുലംകുത്തിയെന്നാണ് വിശേഷിപ്പിച്ചത്.