കേരളം

kerala

ETV Bharat / state

എഡിഎമ്മിൻ്റെ ആത്മഹത്യ: പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെ സുധാകരനും രമേശ് ചെന്നിത്തലയും - OPPOSITION LEADERS AGAINST PP DIVYA

എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍ എംപിയും രമേശ് ചെന്നിത്തലയും.

K SUDHAKARAN  RAMESH CHENNITHALA  KANNUR ADM NAVEEN BABU SUICIDE  പിപി ദിവ്യ
From left Ramesh Chennithala, K Sudhakaran MP (ETV Bharat)

By ETV Bharat Kerala Team

Published : Oct 15, 2024, 5:54 PM IST

Updated : Oct 15, 2024, 7:50 PM IST

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അത്മഹത്യ ചെയ്‌ത സംഭവത്തില്‍ പിപി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കെ സുധാകരന്‍ എംപിയും രമേശ് ചെന്നിത്തലയും. ആത്മഹത്യ ചെയ്‌ത എഡിഎമ്മും കുടുംബവും സിപിഎം അനുഭാവികളാണെന്നും സുധാകരന്‍ പറഞ്ഞു.

ഇടതുപക്ഷ അനുഭാവികളായവര്‍ക്ക് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിപി ദിവ്യയെ പോലുള്ള സിപിഎം നേതാക്കള്‍ ഉണ്ടാക്കുന്നത്. ഇത് ഭരണരംഗത്ത് ഗുണകരമല്ല. സിപിഎമ്മിൻ്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ശത്രുവായി കാണുകയാണ്. ആത്മഹത്യ ചെയ്‌ത എഡിഎം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനായിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കെ സുധാകരന്‍റെ വാക്കുകൾ:

'ഈ ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയ്ക്ക് നിയമപരമായി പരാതി നല്‍കാമായിരുന്നല്ലോ? രേഖകളുണ്ടെങ്കില്‍ അതെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അന്വേഷിക്കുകയായിരുന്നു വേണ്ടത്. അതിന് നില്‍ക്കാതെ പൊതുമധ്യത്തില്‍ ആ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് തള്ളവിടുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചെയതത്. ഗുരുതരമായ കുറ്റമാണിത്. എഡിഎമ്മിനെതിരെ പരാതി ഉണ്ടായിരുന്നെങ്കില്‍ കേസെടുത്ത് അന്വേഷിക്കണമായിരുന്നു. സത്യം പുറത്ത് വരണം. അതല്ലാതെ കൈക്കൂലിക്കാരനെന്ന് പരസ്യമായി ആരോപണം ഉന്നയിച്ച് ഒരു ഉദ്യോഗസ്ഥനെ അത്മഹത്യയിലേക്ക് തള്ളിവിടുകയല്ല ചെയ്യേണ്ടിയിരുന്നത്. കണ്ണൂരില്‍ എഡിഎമ്മായി വന്ന സന്ദര്‍ഭം മുതല്‍ അറിയാവുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു.

ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ അപമാനിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായിട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ അവിടെ കടന്ന് ചെന്നത്. അവര്‍ക്ക് അവിടെ ക്ഷണമില്ലായിരുന്നു. ക്ഷണിക്കാത്തയിടത്ത് മനപൂര്‍വ്വം ഉദ്യോഗസ്ഥനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കടന്ന് ചെന്നത്. എഡിഎമ്മിൻ്റെ ആത്മഹത്യയ്‌ക്ക് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണ്.' അവര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ആത്മഹത്യയല്ല, കൊലപാതകം:

നവീന്‍ ബാബുവിൻ്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴ്‌ മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിൻ്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. ഏതെങ്കിലും വിഷയത്തില്‍ അഴിമതി ഉണ്ടെങ്കില്‍ അതിനെ കൈകാര്യം ചെയ്യാന്‍ എത്രയോ നിയമപരമായ വഴികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് പരാതിയുണ്ടെങ്കില്‍ വിജിലന്‍സിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് പരാതി നല്‍കി കര്‍ശന നടപടി എടുപ്പിക്കാം എന്നിങ്ങനെ നിരവധി വഴികള്‍ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്ക് തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാചുമതല വഹിക്കുന്ന ഒരാള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത് ആള്‍ക്കൂട്ട കൊലപാതകത്തിൻ്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്. സിപിഎമ്മില്‍ അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ തല്‍സ്ഥാനത്ത് നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്‌റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read:കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്‌ത നിലയില്‍; ജീവനൊടുക്കിയത് അഴിമതി ആരോപണത്തിന് പിന്നാലെ

Last Updated : Oct 15, 2024, 7:50 PM IST

ABOUT THE AUTHOR

...view details