ആലപ്പുഴ:കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരന്‍റെ ഗുണ്ടായിസം. മാധ്യമപ്രവര്‍ത്തകന് നേരെയാണ് ഗുണ്ടായിസം കാട്ടിയത്. സ്‌കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കേരള കൗമുദി ആലപ്പുഴ യൂണിറ്റിലെ ഫോട്ടോഗ്രാഫർ മഹേഷ് മോഹനും ബന്ധുവായ യുവാവിനുമാണ് പമ്പ് ഓപ്പറേറ്ററുടെ ക്രൂരമർദ്ദനമേറ്റത്.
മർദ്ദനത്തിൽ മഹേഷിന്‍റെ ഇടതുകൈയ്ക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റു. മഹേഷ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മഹേഷിന്‍റെ മൊഴി പ്രകാരം പമ്പ് ഓപ്പറേറ്റർക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
വെള്ളിയാഴ്‌ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകുന്നതിന് ബന്ധുവായ ശരത്തിനെ ആലപ്പുഴ ഡിപ്പോയിലെത്തിക്കാനാണ് ഡ്യൂട്ടിയ്ക്ക് വരുംവഴി മഹേഷ് ബസ് സ്‌റ്റാന്‍ഡിലെത്തിയത്. ബസ് സ്‌റ്റാന്‍ഡിൽ ഇരുചക്രവാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്‌തിരിക്കുന്ന സ്ഥലത്ത് മഹേഷ് സ്‌കൂട്ടർ വച്ചതാണ് പമ്പ് ഓപ്പറേറ്ററെ പ്രകോപിപ്പിച്ചത്. സ്‌റ്റാന്‍ഡിനുള്ളിൽ പാർക്കിങ് പാടില്ലെന്ന് പമ്പ് ഓപ്പറേറ്റർ അറിയിച്ചു. സ്‌കൂട്ടർ പുറത്തേക്ക് മാറ്റുന്നതിനിടെ മഹേഷിനെ തെറി വിളിച്ച പമ്പ് ഓപ്പറേറ്റർ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നു.