എറണാകുളം: രാജ്യാന്തര അവയവ കച്ചവടവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രധാന പ്രതിയായ, ഹൈദരാബാദ് സ്വദേശിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഹൈദരാബാദ് പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. താമസിയാതെ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഹൈദരാബാദിലേക്ക് തിരിക്കും.
ഹൈദരാബാദ് സ്വദേശി പിടിയിലായാൽ അവയവ കച്ചവടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുന്നത്. നേരത്തെ പിടിയിലായ ഒന്നാം പ്രതി തൃശൂർ സ്വദേശി സാബിത്തിനെയടക്കം അവയവ കച്ചവട റാക്കറ്റിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദ് സ്വദേശിയായിരുന്നു. അവയക്കടത്തിലെ പ്രധാനിയെന്ന് കരുതുന്ന കൊച്ചി സ്വദേശി മധുവിനെ പിടികൂടാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഇറാനിലുള്ള മധുവിനെ നാട്ടിൽ തിരിച്ചെത്തിക്കാനാനാണ് ശ്രമം നടത്തുന്നത്. പാസ്‌പോർട്ട് റദ്ദാക്കിയോ, ബ്ലൂ കോർണർ നോട്ടിസ് ഇറക്കിയോ ഇയാളെ പിടികൂടാനാണ് ശ്രമം. പാസ്പോർട്ട് റദ്ദാക്കൽ നടപടികൾ വൈകുമെന്നതിനാൽ ആദ്യം ബ്ലൂ കോർണർ ഇറക്കുന്നതിനാണ് പരിഗണന നൽകുന്നത്. ഇന്‍റർപോളാണ് ബ്ലൂ കോർണർ നോട്ടിസ് ഇറക്കുന്നത്.
ഇതിനായുള്ള പ്രാഥമിക നടപടികളും ആരംഭിച്ചു. കേസിൽ ഇതിനകം അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിലുള്ള സാബിത്ത് നാസറിനെയും സജിത്ത് ശ്യാമിനെയും ചോദ്യം ചെയ്‌ത് വരികയാണ്. പാലക്കാടുള്ള ഷെമീർ ഉൾപ്പടെ ഇരുപതോളം പേർ ഈ റാക്കറ്റ് വഴി വൃക്ക വിറ്റിട്ടുണ്ട്. വൃക്കദാതാക്കളിൽ ഭൂരിഭാഗം പേരെയും പൊലീസ് കണ്ടെത്തി. എന്നാൽ ഇവരാരും പരാതി നൽകാൻ തയ്യാറായിട്ടില്ല.
വൃക്ക വിറ്റ പാലക്കാട് സ്വദേശി ഷെമീറിനെ കണ്ടെത്താൻ അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അവയവദാനത്തിന് ഏറ്റവും ലളിതമായ നിയമങ്ങളുള്ള രാജ്യമെന്ന നിലയിലാണ് അവയവ കച്ചവട റാക്കറ്റ് ഇറാൻ തിരഞ്ഞെടുത്തത്. സമ്മതപത്രം നൽകി ഇറാനിൽ ആർക്കും അവയവങ്ങൾ ദാനം ചെയ്യാൻ കഴിയും.
ഇറാനിൽ ഇരകൾക്ക് താമസ സൗകര്യം ഏർപ്പെടുത്തുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് പ്രതി സാബിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തൃശൂർ സ്വദേശിയായ സാബിത്തിനെ നെടുമ്പാശേരി പൊലീസ് പിടി കൂടിയതോടെയാണ് അവയവക്കടത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു പിടികൂടിയത്.
Also Read: അവയവ കച്ചവടം : കൂടുതൽ അറസ്റ്റിന് സാധ്യത, അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിക്കാൻ പൊലീസ്