എറണാകുളം: സംസ്ഥാനത്ത് അരളിപ്പൂവിന്‍റെ വരവും, കൃഷിയും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം പരിഗണിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാൻ സർക്കാരടക്കമുള്ളവർക്ക് നിർദേശം. കൊല്ലം സ്വദേശിയുടെ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതിയുടേതാണ് ഉത്തരവ്.
അരളിപ്പൂവ് കഴിച്ചതിനെ തുടർന്ന് വിഷാംശം ഉള്ളിൽ ചെന്ന് യുവതി മരിച്ച സംഭവത്തിനു ശേഷം കൊല്ലം സ്വദേശി ഗിരീഷ ദാസ്, സർക്കാർ, ഡിജിപി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവർക്ക് അരളി നിരോധിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
ഹർജി തീർപ്പാക്കിയ കോടതി, ഹർജിക്കാരന്‍റെ നിവേദനം പരിഗണിക്കാൻ എതിർ കക്ഷികൾക്ക് നിർദേശം നൽകുകയായിരുന്നു. യുവതിയുടെ മരണത്തെ തുടർന്ന് അരളിപ്പൂവ്, തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ നിവേദ്യത്തിനുപയോഗിക്കുന്നത് നിർത്തിയിരുന്നു.