പ്രിന്‍സിന്‍റെ ശബ്‌ദ സന്ദേശം തിരുവനന്തപുരം : മനുഷ്യക്കടത്തിന് ഇരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുക്രെയ്‌നിനെതിരെ യുദ്ധം ചെയ്‌ത് വെടിയേറ്റ് മോസ്‌കോയിൽ ചികിത്സയിൽ തുടരുന്ന മലയാളിയുടെ ശബ്‌ദ സന്ദേശം കുടുംബത്തിന് ലഭിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ പ്രിന്‍സിന്‍റെ ശബ്‌ദ സന്ദേശമാണ് കുടുംബത്തിന് ലഭിച്ചത്. റഷ്യയിൽ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്‍റെ നേർക്കാഴ്‌ചയാണ് ഈ ശബ്‌ദ സന്ദേശം. ഞെട്ടിക്കുന്ന വിവരങ്ങളാണ് ശബ്‌ദ സന്ദേശത്തിലൂടെ പുറത്ത് വന്നത്.
ശബ്‌ദ സന്ദേശം ഇങ്ങനെ:'കൈവശം ഒരു രൂപ പോലും ഇല്ല. എംബസിയിൽ നിന്ന് ട്രാവൽ പേപ്പര്‍ അനുവദിച്ചാൽ ഇന്ത്യയിലേക്ക് മടങ്ങിയെത്താനാകും. കൂടുതൽ ഇന്ത്യൻ പൗരന്മാർ യുദ്ധമുഖത്ത് അകപ്പെട്ടിട്ടുണ്ട്. ജീവൻ അപകടത്തിലായതിനാൽ വിനീതിനെയും ടിനുവിനെയും യുദ്ധമുഖത്ത് നിന്ന് ഉടൻ രക്ഷപ്പെടുത്തണം. എംബസി ഉദ്യോഗസ്ഥനായ മലയാളി ഫോണിൽ ബന്ധപ്പെട്ടു.
തട്ടിപ്പിനിരയായ വിവരം മോസ്കോ പൊലീസിന് പരാതിയായി എഴുതി നൽകാൻ നിർദേശം നൽകി. വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസിയുടെ അറിവോടെയാണ് കെണിയിൽപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർക്ക് പുറമെ നേപ്പാളി പൗരന്മാരും ഇത്തരം കെണിയില്‍പ്പെട്ടിട്ടുണ്ട്. തന്‍റെ പരിക്ക് ഭേദമായി വരുന്നുണ്ട്'.
ഇന്നാണ് (മാര്‍ച്ച് 25) പ്രിൻസിന്‍റെ ശബ്‌ദ സന്ദേശം ബന്ധുക്കൾക്ക് ലഭിച്ചത്. റഷ്യയിൽ കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം മടക്കികൊണ്ടുവരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ നേരത്തെ ഇവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. യുദ്ധത്തിലും മൈൻ സ്ഫോടനത്തിലും കാലിന് മാരകമായി പരിക്കേറ്റ് ചികിത്സയിലാണ് പ്രിൻസ്.
ഒരു മാസത്തെ ആശുപത്രിവാസത്തിന് ശേഷം പ്രിൻസ് മോസ്കോയിൽ വിശ്രമത്തിലാണെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. കഴിഞ്ഞയാഴ്‌ചയാണ് മൂന്ന് മലയാളികൾ റഷ്യയിൽ കുടുങ്ങിയെന്ന വാർത്ത പുറത്തുവരുന്നത്. അഞ്ചുതെങ്ങ് കുരിശടി മുക്കിന് സമീപം കൊപ്രക്കൂട്ടിൽ സെബാസ്റ്റ്യൻ-നിർമല ദമ്പതികളുടെ മകൻ പ്രിൻസ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകൻ ടിനു (25), സിൽവ-പനിയമ്മ ദമ്പതികളുടെ മകൻ വിനീത് (23) എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്.
റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെല്‍പ്പർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു ഇവർക്ക് വാഗ്‌ദാനം ചെയ്‌തിരുന്നത്. പ്രതിമാസം 1.95 ലക്ഷം ഇന്ത്യൻ രൂപ ശമ്പളവും 50,000 രൂപ അലവൻസുമുണ്ടെന്നും ഒരുവർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്നും ഇവരോട് പറഞ്ഞിരുന്നതായും എന്നാൽ പിന്നീട് ഇവരിൽ നിന്ന് ചില എഗ്രിമെന്‍റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറിയതായും ഇവരുടെ മൊബൈൽ ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത ശേഷം മൂന്ന് പേർക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലനങ്ങൾ നൽകിയതായും ബന്ധുക്കൾ പറയുന്നു.