ഇടുക്കി:ചിട്ടിപ്പണം കൊടുക്കാൻ പണമില്ലാതെ വന്നതോടെ പൊലീസിൽ വ്യാജ കവർച്ച പരാതി നൽകി വീട്ടമ്മ. മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നു എന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊളിച്ചടുക്കി. കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിനും നാട്ടുകാര്‍ക്കും മുന്നില്‍ നാടകം കളിച്ചത്.
തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 19) ഉച്ചയ്‌ക്ക് 2 മണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാക്കൾ തന്‍റെ മുഖത്തും വീടിനകത്തും മുളകുപൊടി വിതറി കവർച്ച നടത്തി എന്നായിരുന്നു വീട്ടമ്മയുടെ പരാതി. ഓണച്ചിട്ടിക്ക് നല്‍കാന്‍ ബാങ്കില്‍ നിന്നെടുത്ത 18 ലക്ഷം രൂപ രണ്ടംഗ സംഘം തട്ടിയെടുത്തെന്നായിരുന്നു വീട്ടമ്മ പൊലീസിനോടും അയല്‍വാസികളോടും പറഞ്ഞത്.
ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും വ്യാപാരികൾ ഉൾപ്പെടെയുള്ള 156 ഓളം ആളുകൾക്കാണ് വീട്ടമ്മ ചിട്ടിപ്പണം നൽകാൻ ഉണ്ടായിരുന്നത്. എന്നാല്‍ അതു നല്‍കാന്‍ സാധിച്ചില്ല. ഇതോടെ പണം കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് തിരികെ നൽകാതിരിക്കുന്നതിന് വേണ്ടിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ ഇവർ കഥ മെനഞ്ഞത്.