എറണാകുളം: റമദാൻ വ്രതാനുഷ്‌ഠാനം രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ വിശ്വാസികൾ പ്രാർഥനകളിൽ കൂടുതൽ സജീവമാകുകയാണ്. റമദാനിൻ്റെ ആദ്യത്തെ പത്തു ദിനങ്ങൾ അനുഗ്രഹത്തിൻ്റെ ദിനങ്ങളെന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ സൃഷ്‌ടാവിൻ്റെ അനുഗ്രഹത്തിനായുള്ള പ്രാർഥനകളിലായിരുന്നു വിശ്വാസികള്‍. അതേസമയം രണ്ടാമത്തെ പത്ത് ദിനങ്ങൾ പാപമോചനത്തിൻ്റെ ദിനങ്ങളാണ്. ജീവിതത്തിൽ സംഭവിച്ച് പോയ വീഴ്‌ചകൾ സൃഷ്‌ടാവിനോട് ഏറ്റുപറഞ്ഞ് പാപമോചനത്തിനായാണ് ഈ ദിവസങ്ങളിൽ വിശ്വാസികൾ ശ്രമിക്കുന്നത്. പാപമോചനത്തിനായി നിങ്ങൾ വേഗം വരികയെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതെന്ന് നാസുറുദ്ധീൻ സഖാഫി പറഞ്ഞു. ചൂടേറിയ കാലാവസ്ഥയിലും സൃഷ്‌ടാവിൻ പ്രീതി പ്രതീക്ഷിച്ചാണ് എല്ലാ വിശ്വാസികളും വ്രതമനുഷ്‌ഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബദർ ദിനം: പ്രവാചകൻ മുഹമ്മദ് നബിയെയും അനുചരരെയും കായികമായി ഇല്ലായ്‌മ ചെയ്യാൻ ഇറങ്ങി തിരിച്ച ശത്രുപക്ഷത്തെ നേരിടുകയും വിജയം വരിക്കുകയും ചെയ്‌ത ബദർ പോരാട്ടം നടന്നതും വിശ്വാസികൾ വിജയിച്ചതും റമദാൻ പതിനേഴിനായിരുന്നു. ഇതിൻ്റെ സ്‌മരണക്കായാണ് വിശ്വാസികൾ റമദാൻ പതിനേഴിന് ബദർദിനം ആചരിക്കുന്നത്. മദീന കേന്ദ്രീകരിച്ച് മുഹമ്മദ് നബിയുടെ കീഴിൽ ഇസ്‌ലാമിക് റിപ്പബ്ലിക്ക് സ്ഥാപിതമായതിന് ശേഷമായിരുന്നു പ്രതിരോധമെന്ന നിലയിൽ ബദർ യുദ്ധം നടന്നത്. സായുധമായ ഒരു പോരാട്ടത്തിന് പ്രോത്സാഹനം നൽകുന്നതല്ല ബദ്റിൻ്റെ സന്ദേശം. മറിച്ച് ഒരു രാജ്യത്തിൻ്റെ പരമാധികാരം സംരക്ഷിക്കാനുള്ള പ്രതിരോധ പോരാട്ടമായിരുന്നുവെന്നാണ് പണ്ഡിതന്മാർ വിശദീകരിക്കുന്നത്.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ പൂർണമായും വെടിഞ്ഞാണ് വിശ്വാസികൾ വ്രതമനുഷ്‌ഠിക്കുന്നത്. പകൽ സമയം അന്നപാനീങ്ങള്‍ ഉപേക്ഷിച്ച് വ്രതം അനുഷ്‌ഠിക്കുന്ന വിശ്വാസികൾ അഞ്ചു നേരത്തെ നിർബന്ധമായ നമസ്‌കാരങ്ങൾക്ക് പുറമെ സുന്നത്തായ നമസ്‌കാരങ്ങളും വർധിപ്പിക്കുന്നു.
റമദാനിലെ പ്രത്യേക രാത്രി നമസ്‌കാരമായ തറാവീഹിലും അവർ പങ്കെടുക്കുന്നു. പള്ളികളിൽ ഭജനയിരുന്ന് ആത്മീയമായ പുരോഗതി നേടാനും അവർ പരിശ്രമിക്കുന്നു. പുണ്യങ്ങളുടെ വസന്തകാലമെന്ന് വിശേഷിപ്പിക്കുന്ന റമദാൻ നാളിൽ ദാന ധർമ്മങ്ങൾ വർധിപ്പിച്ച് ദാരിദ്രത്തിൻ്റെ പ്രതിസന്ധികളിൽ കഴിയുന്നവർക്ക് വിശ്വാസികൾ ആശ്വാസം പകരുന്നു. സമൂഹത്തിന് ആകെ നന്മയും ഐശര്യവും ഉണ്ടാകാനുളള പ്രാർഥനകളിലും അവർ വ്യാപൃതരാകുന്നു.
റമദാനിൻ്റെ ലക്ഷ്യം:നോമ്പുകാരൻ്റെ മനസും ശരീരവും സൃഷ്‌ടാവിൻ്റെ പ്രീതിക്കായി സമർപ്പിച്ച് ആത്മസംസ്‌കരണം നേടിയെടുക്കുകയെന്നതാണ് റമദാൻ വ്രതാനുഷ്‌ഠാനത്തിൻ്റെ താത്‌പര്യം. കേവലം പട്ടിണി കിടക്കൽ മാത്രമല്ല റമദാൻ വ്രതം. മനസും ശരീരവും ആത്മനിയന്ത്രണത്തിലൂടെ എല്ലാത്തരം തിന്മകളിൽ നിന്നും വിമുക്തമാക്കി, സംശുദ്ധമായ ജീവിതം ചിട്ടപ്പെടുത്തിയെടുക്കുകയെന്നതാണ് വ്രതാനുഷ്‌ഠാനത്തിൻ്റെ ലക്ഷ്യം.