തിരുവനന്തപുരം:ചരിത്രത്തിലെ ഉയര്‍ന്ന താപനിലയിലൂടെ കടന്നു പോകുന്ന കേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു. സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ പുലര്‍കാലത്ത് പോലും കേരളം ഉരുകിയൊലിക്കുകയാണ്. കനത്ത ചൂടിനെ തുടര്‍ന്ന് ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉഷ്‌ണതരംഗ മുന്നറിയിപ്പ് നല്‍കി. താപനില തുടര്‍ച്ചയായി 40 ഡിഗ്രി കടന്ന പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ 41.3 ഡിഗ്രിയാണ് താപനില. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഉഷ്‌ണതരംഗ സാധ്യത തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് നല്‍കിയത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക മേഖലകളില്‍ അടുത്ത 5 ദിവസം കൂടി ഉഷ്‌ണതരംഗം തുടരുമന്നാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ പരമാവധി താപനില ഡിഗ്രി സെല്‍ഷ്യസില്‍
- തിരുവനന്തപുരം സിറ്റി- 36.2
- തിരുവനന്തപുരം വിമാനത്താവളം- 35.2
- പുനലൂര്‍- 38.6,
- ആലപ്പുഴ- 38.3
- കോട്ടയം- 37.5
- കൊച്ചി- 34.4
- കൊച്ചി വിമാനത്താവളം- 37.1
- വെള്ളാനിക്കര- 40.0
- പാലക്കാട്- 41.3
- കോഴിക്കോട് വിമാനത്താവളം- 37.4
- കോഴിക്കോട് സിറ്റി- 38.1
- കണ്ണൂര്‍- 39.2
- കണ്ണൂര്‍ വിമാനത്താവളം- 39.2
ALSO READ:പൊള്ളുന്ന ചൂട്, വെള്ളവും കുടയും കൂടെ കരുതാം...