തിരുവനന്തപുരം: തലസ്ഥാനത്തെ കിഴക്കന്‍ ചക്രവാളത്തില്‍ ഇന്നലെ (സെപ്‌റ്റംബർ 29) രാത്രി മണിക്കൂറുകള്‍ നീണ്ടു നിന്ന പ്രകാശ വിസ്‌മയം ജില്ലയിലാകെ ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. അര്‍ധരാത്രി വരെ നിശബ്‌ദമായി ആകാശത്ത് വെടിക്കെട്ടിന് സമാനമായ ദൃശ്യവിസ്‌മയം 'ഹീറ്റ് ലൈറ്റ്നിങ്' എന്ന പ്രതിഭാസമായിരുന്നുവെന്ന് വിശദീകരിക്കുകയാണ് തിരുവനന്തപുരം കനകക്കുന്നിലെ വാനനിരീക്ഷണ കേന്ദ്രം ഡയറക്‌ടറും കേരള സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം അധ്യാപകനുമായ ഡോ. ആര്‍ ജയകൃഷ്‌ണന്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭൂമിയില്‍ നിന്നും 25 കിലോമീറ്ററുകള്‍ക്കപ്പുറം ഉത്ഭവിക്കുന്ന ഇടിമിന്നലുകളാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബ്‌ദത്തെക്കാള്‍ വേഗത്തില്‍ പ്രകാശം സഞ്ചരിക്കും. തിരുവനന്തപുരം നഗരമധ്യത്തില്‍ ഈ പ്രതിഭാസം നിരീക്ഷിച്ച ഒരാളുടെ അടുത്തേക്ക് ഇടിമിന്നലിൻ്റെ ദൃശ്യങ്ങളായിരിക്കും ആദ്യം സഞ്ചരിച്ചെത്തുക.
എന്നാല്‍ 25 കിലോമീറ്ററിനപ്പുറത്ത് ഇടിമിന്നല്‍ ഉത്ഭവിക്കുമ്പോള്‍ ചില വാതകങ്ങള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുകയും ഇടിവെട്ട് ശബ്‌ദം ഈ വാതകങ്ങള്‍ വലിച്ചെടുക്കുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യും. അന്തരീക്ഷത്തിലെ ഓക്‌സിജന്‍, ഹൈഡ്രജന്‍, കാർബൺ ഡയോക്‌സൈഡ് തുടങ്ങിയ എല്ലാ വാതകങ്ങളും ഈ പ്രതിഭാസത്തെ സ്വാധീനിക്കും.
പ്രവൃത്തി ദിവസത്തിലും അവധി ദിവസങ്ങളിലും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിൻ്റെ അളവില്‍ വ്യത്യാസമുണ്ടാകും. ഇന്നലെ ഹീറ്റ് ലൈറ്റ്നിങ് പ്രതിഭാസമുണ്ടാകുമ്പോള്‍ അന്തരീക്ഷത്തില്‍ ഏതൊക്കെ വാതകങ്ങളുണ്ടായിരുന്നുവെന്ന് പരിശോധിക്കണം.
അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോഴാകും ഇടിമിന്നിലുണ്ടാവുകയെന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും. കിഴക്കന്‍ മേഖലയില്‍ ഉടലെടുത്ത ഈ പ്രതിഭാസം കാരണം ചിലപ്പോള്‍ തമിഴ്‌നാട് ഭാഗങ്ങളില്‍ ഇടിമിന്നലിൻ്റെ ശബ്‌ദം കേട്ടിട്ടുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ആകാശദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തത്.
Also Read:ഇനി ഭൂമിക്ക് രണ്ട് ചന്ദ്രൻ: ഭൂമിയെ ചുറ്റി 'മിനി മൂൺ'; അപകടകാരിയോ ഈ ഛിന്നഗ്രഹം?