കേരളം

kerala

ജോയിയുടെ മരണം നിർഭാഗ്യകരമെന്ന് ഹൈക്കോടതി; റിപ്പോർട്ട് നൽകാൻ അമിക്കസ്ക്യൂറിയ്ക്ക് നിർദേശം - High Court On Joys Death

By ETV Bharat Kerala Team

Published : Jul 15, 2024, 8:53 PM IST

ആമയിഴഞ്ചാൻ അപകട മരണത്തില്‍ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ്ക്യൂറിയ്ക്ക് നിർദേശം നല്‍കി ഹൈക്കോടതി

AMAYIZHANJAN CANAL ACCIDENT  AMICUS CURIAE TO SUBMIT REPORT  HIGH COURT ON AMAYIZHANJAN ACCIDENT  ആമയിഴഞ്ചാൻ അപകടം ഹൈക്കോടതി
KERALA HIGH COURT (ETV Bharat)

എറണാകുളം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജോയി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് ഹൈക്കോടതി. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയ്ക്ക് നിർദേശം.മാലിന്യം നീക്കം ചെയ്യാൻ, തിരുവനന്തപുരം കോർപ്പറേഷനും റെയിൽവേയ്ക്കും നിർദേശം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷൻ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസിലാണ് ആമയിഴഞ്ചാൻ തോട്ടിലെ അപകടവും ഹൈക്കോടതി പരിഗണിച്ചത്. മാലിന്യം നിറഞ്ഞ തോട്ടിൽ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് പരാമർശിച്ച കോടതി, പരസ്‌പരം പഴിചാരാനുള്ള സമയമല്ലാ ഇതെന്ന് തിരുവനന്തപുരം കോർപ്പറേഷനോടും റെയിൽവേയോടും പറഞ്ഞു.

ആമയിഴഞ്ചാൻ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോർപ്പറേഷൻ ഉറപ്പു വരുത്തണം, റെയിൽവേയുടെ ഭാഗത്തെ മാലിന്യം റെയിൽവേയും നീക്കം ചെയ്യണം, സർക്കാർ മേൽനോട്ട ചുമതല വഹിക്കണമെന്നും കോടതി നിർദേശം നൽകി. സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയോടും ഹൈക്കോടതി ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി ഒന്നര ലക്ഷം രൂപ സർക്കാർ, കോർപ്പറേഷൻ, റെയിൽവേ എന്നിവർ തുല്യമായി നൽകണം.

ബ്രഹ്മപുരം വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയാണ് സ്ഥലം സന്ദർശിക്കുക. അമിക്കസ് ക്യൂറിയ്ക്കാവശ്യമായ യാത്രാ, അനുബന്ധ സൗകര്യങ്ങൾ, റെയിൽവേ, കോർപ്പറേഷൻ കൂടാതെ സർക്കാരും ഒരുക്കണം. തിരുവനന്തപുരം നഗരത്തിലെ മാലിന്യ നിർമ്മാർജനം ഏത് വിധത്തിൽ നടപ്പിലാക്കുമെന്ന് പദ്ധതി തയ്യാറാക്കി അക്കാര്യം കോർപ്പറേഷൻ കോടതിയെ അറിയിക്കാനും നിർദേശമുണ്ട്.

റെയിൽവേയും തങ്ങളുടെ സ്ഥലത്തെ മാലിന്യ നീക്കം സംബന്ധിച്ച കാര്യങ്ങളും കോടതിയെ അറിയിക്കണം. ജില്ലാ കലക്‌ടറും റിപ്പോർട്ട് നൽകേണ്ടതുണ്ട്. കേസിൽ തിരുവനന്തപുരം കോർപ്പറേഷനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. വർഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യം കെട്ടിക്കിടന്ന് ആമയിഴഞ്ചാൻ തോട്ടിലെ വെള്ളം പോലും കറുത്ത നിറമായെന്നും കോടതി കുറ്റപ്പെടുത്തി.

ഓപ്പറേഷൻ അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനും അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇടക്കാല ഉത്തരവിൽ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. വിഷയം ഹൈക്കോടതി ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

ALSO READ:ആമയിഴഞ്ചാൻ തോട്ടിൽ ജപ്പാന്‍ മോഡല്‍ മാലിന്യ പ്ലാന്‍റ്‌; നഗരസഭയുടെ പ്രപ്പോസൽ മാസങ്ങളായി ചുവപ്പ് നാടയിൽ

ABOUT THE AUTHOR

...view details