തൃശൂർ :ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിൽ നിന്നും അരക്കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം (30) അറസ്റ്റിലായത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗവും തൃശൂർ ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അറസ്റ്റ് (Trissur Native Arrested With Hash Oil In Vivek Express).
വിശാഖപട്ടണത്ത് നിന്നും ആലുവയിലേക്ക് എസ്1 കോച്ചില്‍ ജനറല്‍ ടിക്കറ്റുമായിട്ടായിരുന്നു മുഹമ്മദ് റഫീഖിന്‍റെ യാത്ര. സംശയത്തെ തുടര്‍ന്ന് ഇയാളെ അന്വേഷണസംഘം തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരുന്നു ഇയാളുടെ ഷോള്‍ഡര്‍ ബാഗില്‍ നിന്നും അരക്കിലോയോളം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
ആർപിഎഫ് പാലക്കാട് ക്രൈം ഇന്‍റലിജൻസ് വിഭാഗം സബ് ഇൻസ്പെക്‌ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്പെക്‌ടർ വി.പി.ഇൻതീഷ്, എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്‌റ്റന്‍റ് സബ് ഇൻസ്പെക്‌ടർ എം.എസ്.പ്രദീപ്‌കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്‍റലിജൻസ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ എൻ അശോക്, തൃശൂർ ആർപിഎഫ് ഹെഡ് കോൺസ്‌റ്റബിൾ അജീഷ്. കെ.കൃഷ്‌ണൻ കോൺസ്‌റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.