എറണാകുളം:ജഡ്‌ജിമാർ ചേമ്പർ ഉപയോഗിക്കുന്നതിൽ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി ഹൈക്കോടതി രജിസ്ട്രി. വിരമിച്ച ജഡ്‌ജിമാർ ചേമ്പർ ഉപയോഗിക്കരുത്. ജഡ്‌ജി വിരമിച്ച് മൂന്നാമത്തെ പ്രവൃത്തി ദിവസം തന്നെ എല്ലാ കേസ് രേഖകളും ജീവനക്കാർ രജിസ്ട്രിക്ക് കൈമാറണമെന്നും നിർദേശം. ചീഫ് ജസ്‌റ്റിസിന്‍റെ നിർദേശാനുസരണം ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് ഈ മാർഗ്ഗ നിർദേശങ്ങൾ ഇറക്കിയത്.
ജസ്‌റ്റിസ് മേരി ജോസഫ് വിരമിച്ചതിനു ശേഷവും ചേമ്പർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകൻ നേരത്തെ ചീഫ് ജസ്‌റ്റിസിന് കത്ത് നൽകിയിരുന്നു. ഈ ആരോപണങ്ങൾ നിലനിൽക്കെയാണ് ഹൈക്കോടതി രജിസ്ട്രി മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്.
സ്ഥലം മാറ്റപ്പെട്ട ജഡ്‌ജിക്ക് ചീഫ് ജസ്‌റ്റിസിന്‍റെ അനുമതിയോടെ നിശ്ചിത കാലത്തേക്ക് ചേമ്പർ ഉപയോഗിക്കാം. വിധി പറയാൻ മാറ്റി വച്ച കേസുകളുടെ ഒപ്പിട്ട ഉത്തരവുകൾ അവസാന പ്രവൃത്തി ദിവസം തന്നെ രജിസ്ട്രിക്ക് കൈമാറണം. വിരമിക്കുന്ന ജഡ്‌ജിമാർക്കും സ്ഥലം മാറിപ്പോകുന്നവർക്കും ഇത് ഒരുപോലെ ബാധകമാണ്.
വിധിന്യായം തയ്യാറാക്കിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട കേസ് രേഖകൾ രജിസ്ട്രിക്ക് കൈമാറണം. വിരമിച്ച് മൂന്നാം പ്രവൃത്തി ദിനത്തിനു ശേഷം ബന്ധപ്പെട്ട ജഡ്‌ജിയുടെ പേരിലുളള ഉത്തരവുകൾ ജീവനക്കാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
Also Read:ലൈംഗികാഭിമുഖ്യം മാറ്റാന്‍ ചികിത്സ; നിയമപോരാട്ടവുമായി സ്വവർഗ പങ്കാളികൾ