തൃശൂർ: ജില്ലയിലെ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങളിലും ഹോൾസെയിൽ വ്യാപാര സ്ഥാപനങ്ങളിലും സംസ്ഥാന ജിഎസ്‌ടി വകുപ്പ് നടത്തിവന്ന റെയ്‌ഡ് അവസാനിച്ചു. പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോയിലധികം വരുന്ന സ്വർണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ (ഒക്‌ടോബർ 24) വൈകിട്ട് 5ന് ആരംഭിച്ച പരിശോധന ഇന്ന് (ഒക്‌ടോബർ 23) രാവിലെ പത്ത് മണിയോടെയാണ് അവസാനിച്ചത്.
ഓപറേഷൻ ടൊറെ ഡെൽ ഒറോ (സ്പെയിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്‌ഡ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്‌ടി റെയ്‌ഡാണ് ഇതെന്നാണ് വിവരം. സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗമാണ് റെയ്‌ഡിന് നേതൃത്വം നൽകിയത്.
മൂന്ന് ജില്ലകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 700 ജിഎസ്‌ടി ഉദ്യോഗസ്ഥർ ഒരേസമയം പങ്കെടുത്തായിരുന്നു പരിശോധന. തൃശൂരിലെ 78 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് നടത്തിയത്.