കേരളം

kerala

ETV Bharat / state

'കെട്ടിവെച്ച കാശ് തിരികെ വേണോ' ആറിലൊന്ന് വോട്ട് വേണം: 2019ല്‍ കെട്ടി വെച്ച കാശ് പോയത് 180 പേര്‍ക്ക്

25000 രൂപയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ആകെ സാധുവായ വോട്ടിന്‍റെ 16.6 ശതമാനം വോട്ട് നേടണം.

lok sabha election 2024  candidates Need to pay to compete  Election Commission  election
പേരിന് മത്സരിക്കാനെത്തുന്നവരെ നിയന്ത്രിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

By ETV Bharat Kerala Team

Published : Mar 19, 2024, 12:56 PM IST

Updated : Mar 19, 2024, 3:04 PM IST

ഹൈദരാബാദ്: തെരഞ്ഞെടുപ്പില്‍ പേരിന് മാത്രം മത്സരിക്കാനെത്തുന്നവരെ നിയന്ത്രിക്കാനുദ്ദേശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാശ് കെട്ടിവെക്കുന്ന സമ്പ്രദായം കൊണ്ടുവന്നത്. തുടക്കത്തില്‍ വെറും 500 രൂപയായിരുന്നു കെട്ടിവയ്‌ക്കേണ്ട തുക. 1996 ല്‍ ഡെപ്പോസിറ്റ് തുക 10000 രൂപയാക്കി ഉയര്‍ത്തി. 2014 ല്‍ വീണ്ടും ഡെപ്പോസിറ്റ് തുക കൂട്ടി 25000 രൂപയാക്കിയെങ്കിലും സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു.

കേരളത്തിലാകെ 227 സ്ഥാനാര്‍ത്ഥികളായിരുന്നു കഴിഞ്ഞ തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇവരില്‍ 180 പേര്‍ക്ക് കെട്ടി വെച്ച തുക നഷ്‌ടമായി. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച തുക നഷ്‌ടമായത് വയനാട്ടിലാണ് 20 പേര്‍ മത്സരിച്ചതില്‍ 18 പേര്‍ക്കും കെട്ടി വെച്ച തുക നഷ്‌ടമായി. ജനപ്രാതിനിധ്യ നിയമം മുപ്പത്തിനാലാം വകുപ്പ് പ്രകാരം ആകെ വോട്ടിന്‍റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച കാശ് നഷ്‌ടമാവുക.

25000 രൂപയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ആകെ സാധുവായ വോട്ടിന്‍റെ 16.6 ശതമാനം വോട്ട് നേടണം. വയനാട്ടില്‍ കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയും സിപിഐയിലെ പി പി സുനീറും ഒഴികെയുള്ള 18 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടി വെച്ച കാശ് പോയി. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നേടാനായത് കേവലം 78816 വോട്ടാണ് കെട്ടി വെച്ച തുക തിരികെ കിട്ടാന്‍ നേടേണ്ടിയിരുന്നത്. 1.8 ലക്ഷം വോട്ടുകളായിരുന്നു അവിടെ കെട്ടി വെച്ച കാശ് തിരികെ കിട്ടാന്‍ വെണ്ടിയിരുന്നത്.

ആകെ പോള്‍ ചെയ്‌ത വോട്ടിന്‍റെ ആറിലൊന്ന് നേടാനാവാതെ കെട്ടിവെച്ച തുക നഷ്‌ടമായ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മുതിര്‍ന്ന ബിജെപി നേതാക്കളായ സി കെ പത്മനാഭന്‍, എ എന്‍ രാധാകൃഷ്‌ണന്‍, വി കെ സജീവന്‍, പ്രകാശ്‌ ബാബു, വി ടി രമ എന്നിവരുമടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു.

ബിജെപിയില്‍ നിന്ന് കുമ്മനം രാജശേഖരന്‍ - തിരുവനന്തപുരം, കെ സുരേന്ദ്രന്‍- പത്തനംതിട്ട, പിസി.തോമസ്- കോട്ടയം, ശോഭാസുരേന്ദ്രന്‍ - ആറ്റിങ്ങല്‍, സി കൃഷ്‌ണകുമാര്‍ - പാലക്കാട്, സുരേഷ് ഗോപി- തൃശൂര്‍, കെ എസ് രാധാകൃഷ്‌ണന്‍- ആലപ്പുഴ എന്നിവര്‍ക്ക് മാത്രമാണ് ആറിലൊന്ന് വോട്ടെന്ന പരിധി മറികടക്കാന്‍ കഴിഞ്ഞത്. വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്‌ടമായത് ആറ്റിങ്ങലിലാണ്, 16 പേര്‍ക്കാണ് തുക നഷ്‌ടമായത്. തിരുവനന്തപുരം 14, കോഴിക്കോട് 12, ചാലക്കുടി എറണാകുളം കണ്ണൂര്‍ മണ്ഡലങ്ങളില്‍ 11 സ്ഥാനാര്‍ത്ഥികള്‍ക്ക് വീതം കെട്ടിവെച്ച് തുക നഷ്‌ടമായി.

കോട്ടയത്താണ് കെട്ടിവെച്ച കാശ് നഷ്‌ടമായ സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കുറവ്. 4 പേര്‍ക്കാണ് ഡെപ്പോസിറ്റ് നഷ്‌ടമായത്. ഒറ്റ സീറ്റിലൊതുങ്ങിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളില്‍ എല്ലാവരും കെട്ടി വെച്ച കാശ് തിരികെ വാങ്ങാനാവശ്യമായ വോട്ട് സ്വന്തമാക്കി. കേരളത്തില്‍ നിന്നാകെ 2019 ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വെച്ച തുകയില്‍ നിന്ന് 45 ലക്ഷം രൂപ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികൾ മത്സരിക്കാനുണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ആകെ 20 സ്ഥാനാര്‍ത്ഥികള്‍. 19 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ആറ്റിങ്ങലായിരുന്നു രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരം 17 സ്ഥാനാര്‍ത്ഥികളോടെ മൂന്നാം സ്ഥാനത്ത് നിന്നു. കോഴിക്കോട്ട് 14, കണ്ണൂര്‍, ചാലക്കുടി, എറണാകുളം 13 വീതം എന്നിങ്ങനെയായിരുന്നു മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത് സംവരണ മണ്ഡലമായ ആലത്തൂരിലായിരുന്നു 6 പേര്‍. കോട്ടയത്ത് 7 പേരും മത്സരിച്ചു.

Last Updated : Mar 19, 2024, 3:04 PM IST

ABOUT THE AUTHOR

...view details