ഇടുക്കിയിൽ പാൽ എടിഎം വരുന്നു (ETV Bharat) ഇടുക്കി :പണമെടുക്കാൻ എടിഎം കൗണ്ടറിൽ പോകുന്നത് പോലെ ഇനി പാൽ വാങ്ങാനും എടിഎം കൗണ്ടർ. ഏത് സമയവും പാൽ ലഭ്യമാക്കുന്ന എടിഎം അഥവ മിൽക്ക് വെൻഡിങ് മെഷീൻ മൂന്നാറിൽ പ്രവർത്തനമാരംഭിക്കുന്നു. ലക്ഷ്‌മി ക്ഷീരകർഷക സംഘത്തിന്‍റെ നേതൃത്വത്തിലാണ് മൂന്നാറിൽ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിങ് മെഷിൻ പ്രവർത്തനമാരംഭിക്കുന്നത്.
ജില്ല ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യത്തെ മിൽക്ക് എടിഎമ്മിന്‍റെ ഉദ്‌ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും. ഏതൊരാൾക്കും വളരെ എളുപ്പം ഉപയോഗിക്കാവുന്ന ലളിതമായ രൂപകല്‌പനയാണ് മിൽക്ക് വെൻഡിങ് മെഷീനുള്ളത്. എടിഎമ്മുകളിൽ നിന്ന് പാൽ പാത്രങ്ങളിൽ ശേഖരിക്കേണ്ടതിനാൽ, പ്ലാസ്റ്റിക് കവർ എന്ന വിപത്തിനെ ഒഴിവാക്കാനാകുമെന്ന നേട്ടവും ഇതിലൂടെ ഉണ്ട്.
നിലവിൽ വയനാട്, കോട്ടയം ജില്ലകളിൽ മിൽക്ക് എടിഎം പ്രവർത്തിക്കുന്നുണ്ട്. സുൽത്താൻ ബത്തേരി ക്ഷീരോത്പാദക സഹകരണ സംഘമാണ് സംസ്ഥാനത്ത് ആദ്യമായി മിൽക്ക് എടിഎമ്മിന് തുടക്കം കുറിച്ചത്. പണം ഉപയോഗിച്ച് ആവശ്യാനുസരണം പാൽ ശേഖരിക്കാവുന്ന സംവിധാനമാണ് നിലവിലുള്ളത്.
ഭാവിയിൽ ഇത് ക്ഷീര സംഘത്തിൽ നിന്ന് ലഭ്യമാകുന്ന സ്‌മാർട്ട് കാർഡ് ഉപയോഗിച്ചോ ക്യൂആർ കോഡ് സ്‌കാൻ ചെയ്തോ പാൽ ശേഖരിക്കാവുന്ന സംവിധാനമായി മാറും. സംഭരണിയിൽ പാൽ തീരുന്ന മുറക്ക് ക്ഷീര സംഘത്തിലുള്ള അലാറം അടിക്കും. തുടർന്ന് സംഘത്തിൽനിന്ന് ആളെത്തി പാൽ ഇതിൽ നിറക്കും. കാഴ്ച്ചയിൽ ബാങ്ക് എടിഎം കൗണ്ടർ പോലെ തന്നെയായിരിക്കും. ഉള്ളിൽ പാൽ കേടുകൂടാതെ ഇരിക്കാൻ ശീതീകരണ സൗകര്യവുമുണ്ട്.
10, 20, 50, 100, 200 രൂപ നോട്ടുകൾ ഉപയോഗിച്ച് പാൽ വാങ്ങാം. നൽകുന്ന നോട്ടിന്‍റെ മൂല്യത്തിന് അനുസരിച്ച് പുറത്തേക്കു വരുന്ന പാൽ ഉപഭോക്താക്കൾ കൊണ്ടുവരുന്ന പാത്രത്തിൽ ശേഖരിക്കാം. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീൻ ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ് നിർമിച്ചത്.
നാല് ലക്ഷത്തിലേറെ രൂപയാണ് നിർമാണ ചെലവ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഷീൻ മൂന്നാറിന്‍റെ ഹൃദയഭാഗത്ത് സ്ഥാപിക്കും. പാൽ കേടുകൂടാതെയിരിക്കാൻ മെഷീനിൽ കൂളർ സംവിധാനമുണ്ട്. ഇതിനു പുറമെ പണം ശേഖരിക്കുന്ന കറൻസി ഡിറ്റക്‌ടർ, കംപ്രസർ, ക്ലീനിങ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
Also Read: കരിക്കിന്‍ വെള്ളവും പാലടയും കടല്‍ കടക്കും; ലോക മലയാളികളെ ലക്ഷ്യമിട്ട് മില്‍മ