കോഴിക്കോട് :ചെറുവണ്ണൂരിൽ ആക്രിക്കടയ്ക്ക് തീ പിടിച്ചു. ചെറുവണ്ണൂർ മല്ലിക സിനിമ തിയേറ്ററിന് എതിർവശത്തുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ (ഏപ്രിൽ 16) വൈകുന്നേരം മൂന്ന് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നി ശമനസേന സ്ഥലത്തെത്തി തീ അണച്ചു.
എന്നാൽ ഇവിടെ കൂട്ടിയിട്ട സാധന സാമഗ്രികളിലേക്ക് തീ പടർന്നതോടെ തീ അണയ്ക്കൽ വലിയ പ്രയാസം സൃഷ്ടിച്ചു. തുടർന്ന് ഹിറ്റാച്ചി സ്ഥലത്തെത്തിച്ച് സാധനങ്ങൾ മറിച്ചിട്ട ശേഷമാണ് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാനായത്. വൈകുന്നേരം ഏഴ് മണിയോട് കൂടിയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്.
തീപിടിത്തത്തിൽ ആക്രിക്കടയുടെ മേൽക്കൂരയും മറ്റ് സാധനസാമഗ്രികളും പൂർണമായും, കെട്ടിടം ഭാഗികമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കടയുടമയ്ക്ക് ഉണ്ടായത്. ഫയർ സ്റ്റേഷൻ ഓഫിസർ എം കെ പ്രമോദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാർ, സിവിൽ ഡിഫൻസ് വൊളണ്ടിയർമാർ, മിത്ര വൊളണ്ടിയർമാർ, ചെറുവണ്ണൂർ ദുരന്ത നിവാരണ സേനാംഗങ്ങൾ, നാട്ടുകാർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.