കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ - എക്‌സാലോജിക്

മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Opposition leader VD Satheesan  Chief Minister Pinarayi Vijayan  മാസപ്പടി വിവാദം  എക്‌സാലോജിക്  five questions to Chief Minister
മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

By ETV Bharat Kerala Team

Published : Feb 20, 2024, 3:35 PM IST

മാസപ്പടി വിവാദം; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എറണാകുളം:മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (Opposition leader VD Satheesan on Exalogic case). ബിജെപിയുമായുള്ള എന്ത് ധാരണ പ്രകാരമാണ് എക്‌സാലോജിക്കിനെതിരായ ഇ.ഡി അന്വേഷണം മൂടിവെച്ചതെന്ന് അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ സമരാഗ്നി പ്രതിഷേധ പര്യടനത്തിൻ്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കർണാടക ഹൈക്കോടതി വിധിയിൽ 2021 ജനുവരിയിൽ ഇഡി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റജിസ്ട്രാർ ഓഫ് കമ്പനീസ് എക്‌സാലോജിക്കിനെതിരെ അന്വേഷണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് ഇഡി കേസ് അന്വേഷണം ആരംഭിച്ചെങ്കിലും കഴിഞ്ഞ മൂന്ന് വർഷക്കാലം എങ്ങിനെയാണ് ഇ.ഡി. അന്വേഷണം നടക്കുന്ന കാര്യം മൂടി വെച്ചതെന്നും വി.ഡി സതീശൻ ചോദിച്ചു.

സി.പി.എം ബി ജെ പി ധാരണ പ്രകാരമാണ് എക്‌സാലോജിക്കിനെതിരായ അന്വേഷണം മൂടിവെക്കപ്പെട്ടത്. വേണമെങ്കിൽ ബി ജെ പി ക്കും ഈ കാര്യത്തിൽ മറുപടി പറയാം. സി എം ആർ എൽ കമ്പനിക്ക് യാതൊരു സേവനവും നൽകാതെയാണ് എക്‌സാലോജിക്ക് കമ്പനിക്ക് പണം നൽകിയതെന്നതാണ് കേസ്. എക്‌സാലോജിക്കിനെതിരെ ഏതെല്ലാം ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാണോയെന്നതാണ് രണ്ടാമത്തെ ചോദ്യം.

സി എം ആർ എൽ കമ്പനിക്ക് പുറമെ നിരവധി കമ്പനികൾ എക്‌സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ ഇത് വ്യക്തമാണ്. ആസ്ഥാപനങ്ങൾ ഏതൊക്കെ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാമോയെന്നും വിഡി സതീശൻ ചോദ്യമുന്നയിച്ചു. ഇതോടൊപ്പം എക്‌സാലോജിക്കിന് മാസപ്പടി നൽകിയ
ഈ കമ്പനികൾക്ക് സംസ്ഥാന സർക്കാർ എന്തെങ്കിലും നികുതി ഇളവ് നൽകിയോയെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സി എം ആർ എൽ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിലെ ഗണ്യമായ തുക കമ്പനിയുടെ അക്കൗണ്ടിൽ വന്നിട്ടില്ല. ആ പൈസ എവിടെ പോയെന്ന് വ്യക്തമാക്കണം.

ഈ ചോദ്യങ്ങൾ ഞങ്ങൾ സൃഷ്ട്ടിച്ചതല്ല. കർണാടക ഹൈക്കോടതി വിധിയിൽ നിന്നും ഉയർന്നുവന്ന ചോദ്യമാണ്. പുറത്ത് വന്നത് സി എം ആർ എൽ കമ്പനിയുടെ പേര് മാത്രമാണന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മരുന്നുണ്ടെന്ന് പറയുന്ന ഏക വ്യക്തി ആരോഗ്യ വകുപ്പ് മന്ത്രി മാത്രമാണന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ( കെ ജി എം ഒ എ) സർക്കാറിന് നൽകിയ കത്തിൽ സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾ നിയമസഭയിലടക്കം ഉന്നയിച്ച വിഷയമാണിത്. രൂക്ഷമായ മരുന്ന് ക്ഷാമമാണ് ഇപ്പോൾ അനുഭവിക്കുന്നത്. വരുന്ന മാസങ്ങളിൽ ഇത് കൂടാനാണ് സാധ്യത.

കൊച്ചിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് 190 എം എൽ ഡി വെള്ളം പെരിയാറിൽ നിന്നും ശുദ്ധീകരിച്ച് സംഭരിക്കുന്നതിനുള്ള പദ്ധതി സർക്കാർ പണം നൽകാത്തതിനെ തുടർന്ന് പെൻ്റിംഗിലാണ്. ഇത് നിലനിൽക്കെ കിൻഫ്രാ പാർക്കിലേക്ക് 45 എംഎൽഡി വെള്ളം കൊണ്ടുപോകാനുള്ള പദ്ധതി തുടങ്ങുകയാണ്.
ഇതിനെ ജനങ്ങൾ ശക്തമായി എതിർക്കുകയാണ്. കുടിവെള്ള പദ്ധതി നടപ്പിലാക്കിയ ശേഷം പെരിയാറിൽ വെള്ളമുണ്ടെങ്കിൽ കിൻഫ്രയിലേക്ക് വെള്ളം കൊണ്ടു പോകുന്നതിന് തങ്ങൾ എതിരല്ല. പെരിയാറിൽ ഇപ്പോൾ തന്നെ ജല ദൗർലഭ്യം ഉണ്ടായിരിക്കെയാണ് കിൻഫ്രാ പദ്ധതിക്ക് തയ്യാറാക്കുന്നത്. ഇത് ഉപേക്ഷിക്കുകയോ, കിൻഫ്രയ്ക്ക് വേണ്ടി വെള്ളമെടുക്കാൻ കടമ്പ്രയാറിനെ ആശ്രയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details