എറണാകുളം:എറണാകുളം ജില്ലയിലെവേങ്ങൂര്‍ പഞ്ചായത്തിലുണ്ടായ മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് മജിസ്‌റ്റീരിയൽ അന്വേഷണം നടത്താൻ ജില്ലാ കളക്‌ടര്‍ എൻ എസ് കെ ഉമേഷ് ഉത്തരവിട്ടു. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 176(1) പ്രകാരം മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായ ഷൈജു പി ജേക്കബിനെ ഇതിനായി ചുമതലപ്പെടുത്തിയതായും കളക്‌ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. രണ്ടാഴ്‌ചയ്ക്കുള്ളിൽ അന്വേഷ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
മരണകാരണം, ഹെപ്പറ്റൈറ്റിസ് എ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായ ഘടകങ്ങള്‍ എന്തൊക്കെ,
ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും അശ്രദ്ധയോ വീഴ്‌ചയോ ഉണ്ടായിട്ടുണ്ടോ, വ്യക്തിയുടെ മരണത്തിന് ഉത്തരവാദികൾ ആരാണ്, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിവിധികളും മുൻകരുതലുകളും, മരിച്ചയാളുടെ കുടുംബത്തിന് നൽകാവുന്ന പ്രതിവിധിയും ആശ്വാസവും തുടങ്ങിയ കാര്യങ്ങളാണ് മജിസ്‌റ്റീരിയൽ അന്വേഷണത്തിൽ ഉൾപ്പെടുത്തേണ്ടത്.
അതേസമയം മഞ്ഞപിത്തം നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഇരുന്നൂറോളമായി ഉയർന്നിരുന്നു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഥിതി ഗതികൾ വിലയിരുത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സർവ്വകക്ഷി യോഗം ചേർന്നിരുന്നു. പഞ്ചായത്തും ജില്ല ഭരണകൂടവും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കളക്‌ടര്‍ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചികിത്സാ സഹായമുൾപ്പടെ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് മന്ത്രി പി രാജീവ് വ്യക്തമാക്കിയത്. അതേസമയം രോഗവ്യാപനം തടഞ്ഞതായും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.