ഡൽഹി: ആം ആദ്‌മി പാർട്ടിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി എംപി അനുരാഗ് താക്കൂർ. ഡൽഹിയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും ഇരുപാർട്ടികളും തങ്ങളുടെ ഭരണത്തില്‍ അവരെ കൊള്ളയടിക്കുകയായിരുന്നുവെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. 2013 മുതൽ ആം ആദ്‌മി പാർട്ടിയാണ് ഡല്‍ഹിയില്‍ അധികാരത്തിലുള്ളത്. അതിനുമുമ്പ് കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിത് 15 വർഷത്തോളം മുഖ്യമന്ത്രിയായി ഡല്‍ഹിയെ ഭരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ രണ്ട് പാർട്ടികളും ചേർന്ന് ഡൽഹിയെ കൊള്ളയടിക്കുകയായിരുന്നു. ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ധാരണയുണ്ടെന്നും രാഹുൽ ഗാന്ധിയെ ഡൽഹിയിൽ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്തുകൊണ്ടാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി തെരഞ്ഞെടുപ്പിൽ നിന്ന് ഒളിച്ചോടുന്നത്?. കോൺഗ്രസ് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിൽ എത്തിക്കാണും. യുപിയിലേക്കും ബീഹാറിലേക്കും പോകുന്ന നേതാക്കള്‍ ഡൽഹിയിലേക്ക് വരുന്നില്ലെന്നും താക്കൂർ ആരോപിച്ചു.
സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യത്തെയും ബിജെപി എംപി പരിഹസിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് XXL ഷർട്ട് ധരിച്ച് രാഷ്‌ട്രീത്തിൽ പ്രവേശിച്ച വ്യക്തി ഇപ്പോള്‍ Z++ സുരക്ഷ ആവശ്യപ്പെടുന്നു എന്നായിരുന്നു അനുരാഗ് താക്കൂറിന്‍റെ പരിഹാസം.
അതേസമയം ഫെബ്രുവരി 5-നാണ് രാജ്യ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 8-നാണ് വോട്ടെണ്ണൽ. 70 നിയമസഭാ സീറ്റുകളിലേക്ക് ആകെ 699 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.